സുരോഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഗോശാലയിലെ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന പശുക്കളെ നഗരസഭ എറ്റെടുത്തു
തിരുവനന്തപുരം: നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി അംഗമായ സ്വകര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍. പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരില്‍ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവര്‍ത്തിച്ചുപോന്നത്. എന്നാല്‍ ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ മാസത്തില്‍ ഇവിടെ എത്തിയത്. ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു. ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്. കീറിയ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ താത്ക്കാലിക ഷെഡ്ഡ് മാത്രമാണ് ഉള്ളത്. പശുക്കളെ പരിപാലിക്കുന്നതിനുള്ള നടപടികളൊന്നും ഇവിടെ നടക്കുന്നില്ല. എല്ലും തോലുമായ അവസ്ഥയിലാണ് നിലവില്‍ എല്ലാ പശുക്കളും. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.