മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ എ.സി മുറിയില്‍ കിടന്ന് കള്ളന്‍ ഉറങ്ങിപ്പോയി! കൂര്‍ക്കം വലി കേട്ടുണര്‍ന്ന ഉടമ മോഷ്ടാവിനെ കുടുക്കിയതിങ്ങനെ
ഹൈദരാബാദ്: മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ എ.സിയുടെ തണുപ്പില്‍ കിടന്നുറങ്ങിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ ഒരു പെട്രോള്‍ പമ്പുടമയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് പിടിയിലായത്. കൂര്‍ക്കം വലി കേട്ടുണര്‍ന്ന വീട്ടുടമ മുറിയുടെ വാതില്‍ പൂട്ടി പോലീസിനെ വിവരമറിയിച്ചു.
ബാബു എന്നയാളാണ് പിടിയിലായത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്. വീട്ടില്‍ കടക്കുന്നതിനു മുന്‍പു തന്നെ ബാബു വീടും ചുറ്റുപാടും നിരീക്ഷിച്ചിരുന്നു. മോഷണം പൂര്‍ത്തിയാക്കി അല്‍പസമയം ഉറങ്ങിയിട്ടു പോകമെന്ന് കരുതിയ ബാബു പക്ഷെ ഗാഢനിദ്രയിലാണ്ടു. വീട്ടില്‍ ആരുടെയോ കൂര്‍ക്കം വലി കേട്ടുണര്‍ന്ന വെങ്കട്ട് റെഡ്ഡി ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ ബാബു മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. കുറച്ചു സമയം അനുനയിപ്പിച്ചതോടെ അയാള്‍ കീഴടങ്ങിയെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും കടം വീട്ടാനാണ് ബാബു മോഷിടിക്കാന്‍ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.