ഹൗസ് ഫുള്‍,നികുതികള്‍ അടച്ചു ബാധ്യതകള്‍ തീര്‍ത്തു, ആന്റണിയും മോഹൻലാലും പൃഥ്വിരാജും തിയറ്ററുകളെ കാത്തു; തിയറ്റര്‍ ഉടമയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

കൊച്ചി:വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും തിയറ്ററുകളിൽ മികച്ച ബുക്കിംഗ് കൗണ്ടോടെ എമ്പുരാൻ മുന്നേറുകയാണ്. ഔദ്യോഗിക വിവരം പ്രകാരം 200 കോടി ക്ലബ്ബിൽ ഇടംനേടിയ എമ്പുരാന് കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ലഭിക്കുന്നുവെന്നാണ് വിലയിരുത്തൽ. വെറും ആറ് ദിവസം കൊണ്ട് റെക്കോർഡുകളെല്ലാം വീഴ്ത്തിയ എമ്പുരാനെ കുറിച്ച് കവിത തിയറ്റർ ഉടമ സാജു ജോണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
കേരളം കണ്ട വലിയ ഹിറ്റാണ് എമ്പുരാനെന്നും ആന്റണി പെരുമ്പാവൂരും മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച് തിയറ്ററുകാർക്ക് നല്ല കളക്ഷനാണ് സമ്മാനിച്ചതെന്നും സാജു ജോണി പറഞ്ഞു. ഇതുപോലുള്ള നല്ല സിനിമകൾ വരണമെന്നും എന്നാലെ നിർമാതാക്കൾക്കും തിയറ്ററുകാർക്കും വരുമാനം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സാജു ജോണിന്റെ ഈ വാക്കുകൾ മോഹൻലാൽ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്.
“എല്ലാ തീയേറ്ററുകളിലും നല്ല കലക്ഷനാണ് എമ്പുരാന് ലഭിക്കുന്നത്. എല്ലാ ഷോകളും ഫുൾ ആയി കൊണ്ടിരിക്കുന്നു. കേരളം കണ്ട വലിയ ഹിറ്റിലേക്ക് ആണ് എമ്പുരാൻ പോകുന്നത്. നമ്മൾ ഉദ്ദേശിക്കാത്ത രീതിയിൽ. തിയറ്റർ ഉടമകൾക്കൊക്കെ നല്ല ആശ്വാസമാണ്. ആന്റണി പെരുമ്പാവൂരും മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച് തിയറ്ററുകാർക്ക് നല്ല കളക്ഷനാണ് സമ്മാനിച്ചത്. എല്ലാ തിയറ്ററിലും നല്ല കളക്ഷനാണ്. കഴിഞ്ഞ 2 മാസമായി കാര്യമായി ഒന്നും ഉണ്ടായില്ല.
മാർച്ച് മാസം ഒരുപാട് ടാക്‌സ് അടക്കാൻ ഉണ്ടായിരുന്നു. അതെല്ലാം എമ്പുരാനിലൂടെ തിയേറ്റർ ഉടമകൾക്ക് തിരിച്ചു കിട്ടി. പ്രശ്നങ്ങൾ എല്ലാം മാറി. ഇതുപോലത്തെ ഹിറ്റുകൾ ഇനിയും വരണം. എന്നാലേ തിയറ്ററുകളൊക്കെ മോഡിഫൈ ചെയ്ത് നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റൂ. ആന്റണി പെരുമ്പാവൂരിന് നല്ല മുതൽ മുടക്കുള്ള സിനിമയാണ്. ഇതുപോലുള്ള നല്ല സിനിമകൾ വന്നാലെ തിയറ്ററിലേക്ക് പ്രേക്ഷകർ എത്തു. നിർമാതാക്കൾക്ക് പൈസയും കിട്ടൂ”, എന്നാണ് സാജു ജോണി പറഞ്ഞത്.