തലശ്ശേരി: മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിനു മറുപടിയുമായി ശശി തരൂർ എംപി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ, താൻ ചെയ്‌ത വിഭാഗീയ പ്രവർത്തനമെന്താണെന്നു വ്യക്തമാക്കണമെന്നു മലബാർ പര്യടനത്തിനിടെ ശശി തരൂർ ആവശ്യപ്പെട്ടു.
നിങ്ങൾ ബലൂൺ ഊതി വീർപ്പിക്കാൻ വന്നതല്ലല്ലോ എന്നു മാധ്യമങ്ങളോടു തമാശ പറഞ്ഞ തരൂർ, വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്നും പറഞ്ഞു. തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എംപിമാർ എന്ന നിലയിലുള്ള കർത്തവ്യമാണ് താനും എം.കെ. രാഘവനും ചെയ്യുന്നതെന്നും ആരെയും ഭയക്കുന്നില്ലെന്നും ആരോടും എതിർപ്പില്ലെന്നും തരൂർ പറഞ്ഞു. തങ്ങൾക്കെതിരായ ആരോപണങ്ങളിൽ വിഷമമുണ്ട്. നേരിട്ട് ചോദിക്കുന്ന ആർക്കും വ്യക്തമായ മറുപടി നൽകും. കേരളത്തിൽ എവിടെയും പോകുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്നും കോൺഗ്രസിന് ഇനി ആവശ്യം യു (യുണൈറ്റഡ്) ഗ്രൂപ്പാണെന്നും തരൂർ കഴിഞ്ഞ ദിവസം പാണക്കാട്ടു സന്ദർശനം നടത്തിയതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
സതീശന്റെ ‘ബലൂൺ’ പരാമർശത്തിനെതിരെ എം.കെ, രാഘവൻ എംപിയും രംഗത്തെത്തി. കുത്തിയാൽ പൊട്ടുന്ന ബലൂണിനെ വരെ ബഹുമാനിക്കുന്നുവെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കുത്താൻ ഉപയോഗിക്കുന്ന സൂചിയെയും അത് പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നു. തരൂർ പങ്കെടുക്കാനിരുന്ന സെമിനാർ മാറ്റിവച്ച സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.കെ. രാഘവൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു പരാതി നൽകി.
ശശി തരൂരിന്റെ മലബാർ പര്യടനം സംബന്ധിച്ചു മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴായിരുന്നു തരൂരിന്റെ പേരു പറയാതെ വി.ഡി സതീശന്റെ വിമർശനം. കോൺഗ്രസിൽ എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ ഇടമുണ്ട്. പക്ഷേ, ഇനി ഒരു വിഭാഗീയ പ്രവർത്തനം താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള കൂട്ടായ ശ്രമമാണ് എല്ലാവരും നടത്തുന്നത്.
അതിനെ ദുർബലപ്പെടുത്തുക എന്ന അജൻഡയോടെ മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുന്നു. കോൺഗ്രസിലെ നേതാക്കൾക്ക് അതിൽ പങ്കുണ്ടോ എന്നു പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകും. എന്നാൽ, ഞങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല. ഇത്തരം വാർത്തകൾ വന്നാലും പൊട്ടിപ്പോകില്ല – സതീശൻ പറഞ്ഞു.
ശശി തരൂർ എംപി വിമത പ്രവർത്തനമാണ് നടത്തുന്നതെന്നു കരുതുന്നില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയിരുന്നു. തരൂർ വിഷയവുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിനോടു പൂർണമായി യോജിക്കുന്നു. നേതാവായാലും പ്രവർത്തകരായാലും പാർട്ടി ചട്ടങ്ങൾ പാലിക്കണമെന്നും താരിഖ് പറഞ്ഞു.