പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തര ആവശ്യം:അമേരിക്ക
മ്യൂണിച്ച് (ജര്‍മ്മനി): പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
‘പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണ്. അതുവഴി ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇസ്രയേലിന് പശ്ചിമേഷ്യയുമായി ഇഴുകിച്ചേരാനുള്ള ‘അസാധാരണമായ അവസരം’ സമീപഭാവിയില്‍ ഉണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണ്.’ -ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ജറുസലേം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കാന്‍ പലസ്തീന് എല്ലാ അവകാശവുമുണ്ടെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അസാലി അസൗമാനി പറഞ്ഞു. എത്യോപ്യയിലെ അഡിസ് അബെബയില്‍ നടക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ദ്വീപുരാഷ്ട്രമായ കൊമോറസിന്റെ പ്രസിഡന്റ് കൂടിയായ അസാലി അസൗമാനി ഇക്കാര്യം പറഞ്ഞത്.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. മധ്യ ഗാസയിലെ ദേര്‍ അല്‍-ബലാഹില്‍ കനത്ത വ്യോമാക്രമണമാണ് ശനിയാഴ്ച ഇസ്രയേല്‍ നടത്തിയത്. റാഫയില്‍ നിന്ന് പലസ്തീനികള്‍ ദേര്‍ അല്‍-ബലാഹിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണം.
ഞെട്ടിക്കുന്ന ചില കണക്കുകള്‍ പാലസ്തീന്‍ സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ടിട്ടുണ്ട്. ഗാസയിലെ ഗുരുതരമായി പരിക്കേറ്റ 11,000 പേര്‍ക്കെങ്കിലും വിദേശത്ത് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാരിന്റെ മീഡിയാ ഓഫീസ് അറിയിച്ചു. കൂട്ടപ്പലായനത്തെ തുടര്‍ന്ന് ഗാസയിലെ ഏഴ് ലക്ഷം പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യമായതിനാല്‍ 60,000 ഗര്‍ഭിണികള്‍ ആരോഗ്യപരമായ ഭീഷണികള്‍ നേരിടുന്നുണ്ട്. മാറാരോഗങ്ങള്‍ ബാധിച്ച മൂന്നരലക്ഷം പേര്‍ക്ക് ആവശ്യമായ മരുന്ന് ലഭിക്കുന്നില്ല. 10,000 കാന്‍സര്‍ രോഗികള്‍ ചികിത്സ കിട്ടാതെ മരണത്തിന്റെ വക്കിലാണെന്നും മീഡിയാ ഓഫീസ് അറിയിച്ചു.