മുംബൈ:മൊബൈൽ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകിക്കൊണ്ട് ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും തങ്ങളുടെ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. ജിയോയുടെയും എയർടെലിന്റെയും പുതിയ നിരക്കുകൾ ജൂലൈ 3 മുതലും വിഐയുടെ പുതിയ നിരക്കുകൾ ജൂലൈ 4 മുതലുമാണ് നിലവിൽ വരിക. അതിന് മുൻപ് നിലവിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ അവയിലെ ആനുകൂല്യങ്ങൾ അതേപടി ജൂലൈയിലെ നിരക്ക് വർധനയ്ക്ക് ശേഷവും ലഭ്യമാകും. ഉദാഹരണത്തിന് 666 രൂപയുടെ ജിയോ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ റീച്ചാർജ് ചെയ്താൽ ജൂലൈ 3ന് ശേഷവും അതിലെ ആനുകൂല്യങ്ങൾ അതേപടി തുടരും.
എന്നാൽ ജൂലൈ 3 ന് ശേഷം ഈ 666 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വേണമെങ്കിൽ 799 രൂപ നൽകേണ്ടിവരും. അതായത് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് മൊത്തത്തിൽ വർധിക്കും. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചപ്പോഴും ആനുകൂല്യങ്ങൾ അതേപടി തുടരുമെങ്കിലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന്റെ കാര്യത്തിൽ ജിയോ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ഇപ്പോൾ 239 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ജിയോ നൽകുന്നുണ്ട്. അതിനാൽ ഈ തുകയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 5ജി ഫോൺ ഉണ്ടെങ്കിൽ ജിയോ 5ജി ലഭ്യമായ സ്ഥലങ്ങളിൽ അവർക്ക് പ്രതിദിന പരിധി ഇല്ലാതെ ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
എന്നാൽ നിരക്ക് വർധന നടപ്പാകുന്ന ജൂലൈ 3ന് ശേഷം 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലേക്കുള്ള പ്ലാനുകളിൽ മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകൂ. അതായത് പ്രതിദിനം 1.5ജിബി ഡാറ്റയുള്ള പ്ലാനുകളിൽ ഇനി 5ജി ഡാറ്റ അൺലിമിറ്റഡായി ലഭ്യമാകുകയില്ല. 666 രൂപ പ്ലാനുകൾ പോലുള്ള ജനപ്രിയ പ്ലാനുകൾ ഉപയോഗിക്കുന്ന ഒട്ടേറെ പേർക്ക് ഇത് തിരിച്ചടിയാകും.
666 രൂപയുടെ പ്ലാനിന് ജൂലൈ 3 ന് ശേഷം 799 രൂപയായി നിരക്ക് വർധിക്കുമ്പോൾ പോലും അതിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകില്ല. ആളുകളെക്കൊണ്ട് ഉയർന്ന തുകയുടെ റീച്ചാർജ് ചെയ്യിക്കാനുള്ള ജിയോയുടെ തന്ത്രമാണ് ഇതിൽ വ്യക്തമാകുന്നത്. 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾക്ക് ഉയർന്ന തുക നൽകേണ്ടിവരും.
1.5ജിബി ഡാറ്റ പ്രതിദിനം ലഭ്യമാകുന്ന പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ നൽകിയാൽ 2ജിബി മുതലുള്ള പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളുടെ കച്ചവടം കുറയും. ഇത് ഒഴിവാക്കാനും വരുമാനം കൂട്ടാനുമാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 3 മുതലാണ് ഈ മാറ്റം നടപ്പിലാകുക. അതിനാൽ ഇഷ്ടമുള്ള ഏതെങ്കിലും ദീർഘകാല വാലിഡിറ്റി പ്ലാൻ ഉപയോഗിച്ച് ജൂലൈ 3ന് മുൻപ് റീച്ചാർജ് ചെയ്യുക.
ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകളെല്ലാം ഇപ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യം സഹിതമാണ് എത്തുന്നത്. ഈ പ്ലാനുകൾ ഉപയോഗിച്ച് ഇപ്പോൾ റീച്ചാർജ് ചെയ്താൽ അതിന്റെ വാലിഡിറ്റി തീരും വരെ അതിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. നിരക്ക് വർധന അവിടെ ബാധകമാകുന്നില്ല.
പോക്കറ്റിന് അനുയോജ്യമായ പ്ലാൻ ഏതാണ് എന്ന് ജിയോ ആപ്പിൽ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക പരിശോധിച്ച് മനസിലാക്കുക. എന്നിട്ട് അത് ഉപയോഗിച്ച് ജൂലൈ 3ന് മുൻപ് റീച്ചാർജ് ചെയ്യുക. ജിയോ പ്ലാനുകൾക്ക് എല്ലാം അതിന് ശേഷം നിരക്ക് കൂടും എന്നതിനാൽ ഇപ്പോൾ ഏത് ദീർഘകാല വാലിഡിറ്റി പ്ലാൻ തെരഞ്ഞെടുത്താലും അത് ലാഭം തന്നെയാണ്. ജൂലൈ മൂന്നിന് ശേഷമാണെങ്കിൽ തുക കൂടും എന്നുമാത്രമല്ല, അൺലിമിറ്റഡ് 5ജി ഓഫർ കിട്ടില്ല എന്നതും ശ്രദ്ധിക്കണം.