‘ഡിവോഴ്സ് എന്നത് ചിന്തിക്കാനുള്ള വഴക്കുകൾ ഉണ്ടായിട്ടുണ്ട്, മക്കൾ അത് ചെയ്യുമോയെന്ന് അറിയില്ല’; സിന്ധു കൃഷ്ണ!
കൊച്ചി:കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി കുടുംബാംഗങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്‌ളോഗേഴ്‌സിനെ തട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക് കൃഷ്ണകുമാര്‍ പറഞ്ഞത്. ഭാര്യയും മക്കളും എവിടെപ്പോയാലും എല്ലാ വിവരങ്ങളും യുട്യൂബിലുണ്ടാവുമെന്നും തമാശയായി കൃഷ്ണകുമാര്‍ പറയാറുണ്ട്.
കൃഷ്ണകുമാറിന്റെ വീട്ടിലെ യുട്യൂബർമാരിൽ ഏറ്റവും ജനപ്രീതിയുള്ള ഒരാൾ ഭാര്യ സിന്ധു കൃഷ്ണയാണ്. കൃത്യമായ ഇടവേളകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ സിന്ധു ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിലും വീഡിയോയ്ക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണവും കൂടുതലാണ്.
സിന്ധുവിന്റെ മിക്ക വീഡിയോകളും ട്രെന്റിങാവാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് വിശദമായി മറുപടി നൽകി എത്തിയിരിക്കുകയാണ് താരം. മക്കളുടെ വിവാഹത്തെ കുറിച്ചും തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഏറ്റവും വലിയ ഭയത്തെ കുറിച്ചുമെല്ലാം സിന്ധു കൃഷ്ണ തുറന്ന് സംസാരിച്ചു.
ആദ്യത്തെ ചോദ്യം അഹാനയുടെ വിവാഹം എന്നാണ് എന്നുള്ളതിനെ കുറിച്ചായിരുന്നു. ക്യു ആന്റ് എ ചെയ്യുമ്പോൾ സിന്ധു കൃഷ്ണ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് അത്. ‘ഒരു പെൺകുട്ടിക്ക് 23, 24 വയസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ചുള്ളത്. എല്ലാവരും എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.’
‘അത് ചോദിക്കാനാണ് എല്ലാവർക്കും ഇഷ്ടവും. നാട്ട് നടപ്പ് അങ്ങനെയായിപ്പോയി. പിന്നെ അഹാനയുടെ കല്യാണമായാൽ ഞാൻ അറിയുന്ന സമയത്ത് തന്നെ നിങ്ങളും അറിയും’, എന്നാണ് സിന്ധു കൃഷ്ണ മറുപടിയായി പറഞ്ഞത്. നാല് പെൺമക്കൾക്കും എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.
അതിന് സിന്ധുവിന്റെ മറുപടി ഇങ്ങനെയായിരുന്നു… ‘എന്റെ പിള്ളാർക്ക് വേണ്ടത് എല്ലാം ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ഇങ്ങനെ എല്ലാം ചെയ്യുന്നത് കാണുമ്പോൾ അമ്മുവൊക്കെ ചോദിക്കാറുണ്ട് വേറെ പണിയില്ലേ എന്ന്. പക്ഷെ ഞാൻ എല്ലാം ഹാപ്പിയായിട്ടാണ് ചെയ്യുന്നത്. അവർക്ക് കുട്ടികളുണ്ടാകുമ്പോൾ അവർ ഇതുപോലെ ചെയ്യുമോയെന്ന് അറിയില്ല.’
‘സ്വന്തം കുട്ടികളാകുമ്പോൾ സ്വഭാവികമായും ചെയ്യുമായിരിക്കും. മക്കൾ ഇത്ര വലുതായിട്ടും ഞാൻ പിന്നാലെ നടന്ന് ചെയ്യുന്നത് പോലെ അവർ ചെയ്യുമോയെന്ന് അറിയില്ല. ബാക്കി നമുക്ക് കണ്ട് അറിയാം’, എന്നാണ് സിന്ധു പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പോർട്സ് പേഴ്സൺ സച്ചിൻ ടെൻണ്ടുൽക്കറാണെന്നും സിന്ധു പറഞ്ഞു.
ചില മാസികകളുടെ മുഖചിത്രമായി വന്നിട്ടുണ്ടെങ്കിലും സിനിമയിൽ സിന്ധു കൃഷ്ണ ഇതുവരെ അഭിനയിച്ചിട്ടില്ല. അഭിനയിക്കണമെന്നതിനേക്കാൾ തനിക്ക് സംവിധാനം ചെയ്യണമെന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നുവെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.
സ്കൂൾ കാലഘട്ടത്തിൽ നിരവധി ഷൂട്ടിങുകൾ കണ്ടിട്ടുണ്ടെന്നും സിനിമയെ കുറിച്ച് അത്യാവശ്യം അറിവ് തനിക്കുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. അഹാന സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അഭിനയിക്കുമെന്നും അമ്പത് കഴിഞ്ഞ് അഭിനയിക്കാൻ ആയിരിക്കും തന്റെ യോഗമെന്നും സിന്ധു പറഞ്ഞു. അഹാന ജനിച്ചശേഷം ചില സിനിമകളിൽ തനിക്ക് അവസരം വന്നിട്ടുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു.
വിജയകരമായി ദാമ്പത്യ ജീവിതം നയിക്കാൻ എന്ത് ചെയ്യണമെന്ന ആരാധകന്റെ ചോദ്യത്തിന് സിന്ധുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. വഴക്കുകളുണ്ടായാൽ അത് അങ്ങ് വിട്ടേക്കണം. ഞാനും കിച്ചുവും തമ്മിൽ ഡിവോഴ്സ് എന്നത് ചിന്തിക്കാനുള്ള വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ രണ്ട് ദിവസം കഴിയുമ്പോൾ ആ പിണക്കം മാറും. തമാശയൊക്കെ പറഞ്ഞ് ഞങ്ങൾ വീണ്ടും പഴയതുപോലെയാകുമെന്നായിരുന്നു സിന്ധു കൃഷ്ണയുടെ മറുപടി. അഹാനയെ പോലെ തന്നെ മറ്റുള്ള മൂന്ന് സഹോദരിമാരും പ്രേക്ഷകർക്ക് സുപരിചിതരാണ്.