ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്
കൊച്ചി:മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്റെ വീട്ടിലുണ്ടായ ദുഃഖവാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. മൂത്ത മകൻ റാഷിന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് നടനും കുടുംബവും.
ഭിന്നശേഷിക്കാരൻ ആയ മകനെപ്പറ്റി നടൻ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ വീട്ടിലെ എല്ലാമെല്ലാം ആയിരുന്നു സഹോദരനെന്ന് സിദ്ദിഖിന്റെ ഇളയ മകനും നടനുമായ ഷഹീൻ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. മുൻപ് ഷഹീന്റെ വിവാഹത്തിനാണ് സിദ്ദിഖിന്റെ മൂത്ത മകനെ പുറംലോകം കാണുന്നത്.
ഭിന്നശേഷിക്കാരനായ റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല അടുപ്പമാണെന്നും നടൻ പറഞ്ഞിരുന്നു. ഇത് വലിയ പ്രശംസയ്ക്ക് വഴിയൊരുക്കി.
എന്നാൽ അപ്രതീക്ഷിതമായി താര പുത്രന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് എല്ലാവരും. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ നടന്റെ കുടുംബത്തെക്കുറിച്ചും ഇങ്ങനൊരു മകനെ സംരക്ഷിച്ചു പോന്നതിനെപ്പറ്റിയും ഒരാൾ പങ്കുവെച്ച എഴുത്ത് വൈറലാവുകയാണ്.
‘എന്നും ഹൃദയത്തെ നിറച്ചിരുന്ന, വല്ലാതെ തൊടുന്ന ഒന്നായിരുന്നു നടൻ സിദ്ധിഖ് ഇക്കയുടെ കുടുംബചിത്രങ്ങൾ. അതിൽ ഏറ്റവും ഹൃദ്യമായി തോന്നിയിരുന്നത് സ്പെഷ്യൽ ചൈൽഡ് ആയി വന്ന വീട്ടിലെ മൂത്ത കുട്ടിയെ ആ കുടുംബം ചേർത്തുപ്പിടിച്ചിരുന്ന രീതി കണ്ടിട്ട് ആയിരുന്നു.
റാഷിൻ എന്ന സാപ്പിയുടെ സവിശേഷതയെ ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കണ്ട, വീട്ടിൽ മറ്റാരെക്കാളും സ്പെഷ്യൽ സ്‌പേസ് നല്കി അവരുടെ വീട്ടിലെ ഏറ്റവും സ്പെഷ്യൽ മാജിക്കൽ പേഴ്സൻ ആക്കിയ ഒരച്ഛനും സഹോദരങ്ങളും. സത്യത്തിൽ പലർക്കും പലതും ആ കുടുംബത്തിൽ നിന്നും പഠിക്കാൻ ഉണ്ടായിരുന്നു.
ഭിന്നശേഷിക്കാരനായ ഒരു കുട്ടി കുടുംബത്തിൽ ജനിച്ചാൽ അത് നിർഭാഗ്യമെന്നും അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വല്ലാത്ത ഭാരമെന്നും കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. എത്രയൊക്കെ സൊസൈറ്റി പുരോഗമനം നേടിയെന്ന് പറഞ്ഞാലും ഇത്തരം സന്ദർഭങ്ങളിൽ പ്രോപ്പർ ആയൊരു ഗൈഡൻസ് നല്കുന്ന ഒരു സിസ്റ്റം പോലും ഇല്ല എന്നതാണ് വാസ്തവം.
സ്പെഷ്യൽ ചൈൽഡ് എന്നാൽ കുറവുകൾ ഉള്ള കുട്ടി എന്ന നിലയിൽ മാത്രം കരുതിപ്പോരുന്ന ഒരു സമൂഹത്തിൽ അത് അങ്ങനല്ല അവൻ അല്ലെങ്കിൽ അവൾ മറ്റാർക്കും ഇല്ലാത്ത സവിശേഷത ഉള്ള, ഗിഫ്റ്റഡ് ആയ ഒരാൾ ആണെന്ന തിരിച്ചറിവോടെ വളർത്തുന്ന വളരെ കുറച്ച് ആളുകളെ നമുക്ക് ചുറ്റിലും ഉള്ളൂ. അതിൽ പ്രഥമ സ്ഥാനത്ത് ഉള്ള ഒരാളാണ് സിദ്ധിഖ് എന്ന അച്ഛൻ.
ഇന്ന് ഏറെ നോവോടെ കേട്ട വാർത്തയാണ് റാഷിന്റെ വിയോഗം. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയ വ്യക്തിയെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. റാഷിന് പ്രണാമം’… എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.