ന്യൂഡല്‍ഹി: രാജ്യത്തെ സിനിമ തിയേറ്ററുകളും ജിമ്മുകളും ജൂലൈ 31 നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. ഇതോടപ്പം തന്നെ അന്തരാരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കുന്ന കാര്യം പരിഗണയിലുണ്ട്. അതേസമയം പ്രായമായവരെയും കുട്ടികളെയും സിനിമ തിയറ്ററിനുള്ളില്‍ പ്രവേശിപ്പിക്കില്ല.
അതേപോലെ കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ വിമാന താവളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. സിനിമ തീയേറ്ററുകളില്‍ പതിനഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാവും അനുമതി. കൂടാതെ നിശ്ചിത അകലം പാലിച്ചുകൊണ്ട് വിവിധ സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി സീറ്റുകള്‍ നിര്‍ദേശമുണ്ട്.
കൂടാതെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എങ്ങനെ പുനരാരംഭിക്കും എന്നതിനെ കുറിച്ച് ചര്‍ച്ച നടന്നു വരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
കൊവിഡ് പരിശോധന നടത്തി അത് നെഗറ്റീവ് ആണെങ്കില്‍ 48 -72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്ര ചെയ്യാനനുവദിക്കും. അതേസമയം രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് യാത്രക്കുള്ള അനുമതി ഇല്ല. കൂടാതെ ഓരോരുത്തരും അവരവരുടെ ചെലവില്‍ തന്നെ പരിശോധന നടത്തേണ്ടതുണ്ട്. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.