FeaturedHome-bannerKeralaNews

കലാപത്തിന് വഴിവച്ചത് കോടതി ഉത്തരവ്,മണിപ്പുരിൽ ശാന്തിയുടെ സൂര്യനുദിക്കും, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി;അവിശ്വാസം തള്ളി

ന്യൂഡല്‍ഹി: രാജ്യം മണിപ്പുരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപത്തിന് വഴിവച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കും. കുറ്റക്കാരെ വെറുതേവിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടി പ്രസംഗത്തിലായിരുന്നു പ്രതികരണം.

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ആദ്യ ഒന്നര മണിക്കൂറും പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഇതോടെ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയുന്നില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്.

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത് സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ക്ക് രാഷ്ട്രീയക്കളി മാത്രമാണ് താത്പര്യമെന്നും മോദി വിമര്‍ശിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ തന്നെ രണ്ട് മണിക്കൂറോളം നീണ്ട വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

രാഹുലിന്റെ ഭാരത മാതാവ് പരാമര്‍ശം പ്രതിപക്ഷത്തിന്റെ നിരാശയില്‍നിന്ന് വന്നതാണ്. ഈ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതാണ്‌. രാജ്യത്തെ ജനങ്ങളെ ഇത് വേദനിപ്പിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തും മണിപ്പൂര്‍ അരക്ഷിതമായിരുന്നു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിശ്രമിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടും. മണിപ്പൂരില്‍ ശാന്തിയുടെ സൂര്യനുദിക്കുമെന്നും മോദി വ്യക്തമാക്കി.മോദിയുടെ പ്രസംഗം പൂര്‍ത്തിയായതിന് പിന്നാലെ അവിശ്വാസ പ്രമേയം സഭ ശബ്ദ വോട്ടോടെ തള്ളുകയും ചെയ്തു.

പ്രസംഗത്തിൽനിന്ന്: ‘‘അവിശ്വാസ പ്രമേയം സർക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള സമയമാണു പ്രമേയചർച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് ‘അവിശ്വാസം’ കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രമേയം അവതരിപ്പിക്കാൻ പഠിച്ചു തയാറെടുത്തു വന്നുകൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്.

അഴിമതിപ്പാർട്ടികൾ ഇപ്പോൾ ഒന്നായിരിക്കുന്നു. പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലുപോലും പരിഗണിച്ചില്ല. അവർക്കു രാഷ്ട്രീയമാണു വലുത്. അവിശ്വാസ പ്രമേയം സർക്കാരിനു ഗുണകരമാണ്. ദരിദ്രരുടെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിനു വലുത് അധികാരത്തിന്റെ വിശപ്പാണ്. അവിശ്വാസപ്രമേയമെന്ന നോബോൾ ആവർത്തിക്കുകയാണ്. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം നോബോൾ എറിയുന്നു, സർക്കാരാകട്ടെ സെഞ്ചറി അടിക്കുന്നു.

നിരാശയല്ലാതെ പ്രതിപക്ഷം രാജ്യത്തിന് ഒന്നും നൽകിയില്ല. വാജ്‌‍‌പേയി സർക്കാരിനെ അവിശ്വാസം വഴി വീഴ്‍ത്തി. എന്നാൽ, പരാജയം ഉറപ്പിച്ചിട്ടും ഈ സർക്കാരിനെതിരെ രണ്ടാം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസിന്റെ സഭാനേതാവിനു സംസാരിക്കാൻ പോലും സമയം ലഭിച്ചില്ല. പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവിന്റെ പേര് സംസാരിക്കുന്നവരുടെ പട്ടികയിലില്ല. കൊൽക്കത്തയിൽനിന്നു ഫോൺ വന്നതിനാലാണോ അദ്ദേഹത്തെ ഒഴിവാക്കിയത്?

അമിത് ഷാ പറഞ്ഞപ്പോഴാണ് അധിർ രഞ്ജൻ ചൗധരിക്കു സംസാരിക്കാൻ അവസരം നൽകിയത്. സമയം ലഭിച്ചപ്പോൾ ശർക്കരയെ അദ്ദേഹം ചാണകമാക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾ തന്റെ സർക്കാരിൽ ആവർത്തിച്ച് വിശ്വാസമർപ്പിച്ചു. 2018ൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. 2019ൽ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ അവിശ്വാസപ്രമേയം പാസാക്കി.

ജനവിശ്വാസം നേടാൻ കഴിയാത്തവരാണ് പ്രതിപക്ഷം. രാജ്യം വളർച്ചയുടെ നാഴികക്കല്ലുകൾ ഒന്നൊന്നായി പിന്നിടുന്നു. അഴിമതിരഹിത ഇന്ത്യ നിർമിക്കാൻ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായതന്നെ മാറ്റി. പൊതുമേഖലാ ബാങ്കുകളുടെ നേട്ടം ഇരട്ടിയായി. ഏതു മാനദണ്ഡംവച്ചു നോക്കിയാലും ഇന്ത്യയുടെ വളർച്ച പ്രകടമാണ്.

കോൺഗ്രസിനു രാജ്യത്തെ നയിക്കാനുള്ള തത്വദീക്ഷയില്ല. കോൺഗ്രസിനു കാഴ്‍ചപ്പാടോ നേതൃത്വമോ ഇല്ല. ബിജെപിക്ക് പാർട്ടിയല്ല, രാജ്യമാണു വലുത്. തന്റെ സർക്കാരിന്റെ മൂന്നാം ഊഴത്തിൽ ഇന്ത്യ മൂന്നാമത്തെ ലോക സാമ്പത്തികശക്തിയാകും. കഴിഞ്ഞ മൂന്നു ദിവസമായി പ്രതിപക്ഷം ചില ജൽപനങ്ങൾ നടത്തുന്നു. ഈ ജൽപനങ്ങൾക്ക് എന്റെ കയ്യിൽ മരുന്നുണ്ട്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) തകർന്നുവെന്നു പ്രചരിച്ചപ്പോൾ, അവർ ചരിത്രനേട്ടം കൊയ്തതു രാജ്യം കണ്ടു. എൽഐസിയിലെ പണം പോയെന്നു പ്രചരിച്ചപ്പോൾ അവയുടെ ഓഹരിമൂല്യം കൂടി. മറ്റ് ഉദാഹരണങ്ങൾ അടുത്ത സർക്കാർ അധികാരമേറ്റ ശേഷം പറയാം. 2028ൽ വീണ്ടും അവിശ്വാസം കൊണ്ടുവരാം.

പ്രതിപക്ഷത്തിനു വിഘടനവാദികളെയാണു വിശ്വാസം. പ്രതിപക്ഷത്തിനു സൈന്യത്തെയും വിശ്വാസമില്ല. മിന്നലാക്രമണത്തിൽ രാഷ്ട്രീയം കളിച്ചവരാണു പ്രതിപക്ഷം. കോൺഗ്രസിന്റെ കാലത്തു സമ്പദ്‌ഘടനയ്ക്കു സ്ഥിരതയുണ്ടാകില്ല. കശ്മീരിലെ നുഴഞ്ഞുകയറ്റം ഈ സർക്കാർ അവസാനിപ്പിച്ചു. കോവിഡ് കാലത്തു നിർമിച്ച തദ്ദേശീയ വാക്സീനെ പ്രതിപക്ഷം തള്ളിപ്പറഞ്ഞു. അവർക്ക് ഇന്ത്യയുടെ ഗവേഷണ മികവിൽ വിശ്വാസമില്ല. ഈ രാജ്യത്തെ ജനങ്ങൾക്കു കോൺഗ്രസിനെയും വിശ്വാസമില്ല.

യുപിഎയുടെ അന്ത്യമായി. ‘ഇന്ത്യ മുന്നണി’ അഹങ്കാരികളുടെ സഖ്യമാണ്. കുടുംബവാഴ്ചയുടെ കൂട്ടുചേരലാണിത്. പ്രതിപക്ഷത്തെ എല്ലാവർക്കും പ്രധാനമന്ത്രിയാകണം. പ്രതിപക്ഷത്തിന് ഇന്ത്യയെന്ന വികാരമില്ല. തമിഴ്നാട്ടിലെ ഒരു മന്ത്രി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. വയനാട്ടിൽ എംപിയുടെ ഓഫിസ് ആക്രമിച്ചവർ ഇപ്പോൾ കോൺഗ്രസിന്റെ കൂട്ടുകാരാണ്. അഹങ്കാരമാണു കോൺഗ്രസിനെ 400 സീറ്റിൽനിന്ന് 40ൽ എത്തിച്ചത്.

മണിപ്പുർ വിഷയത്തിലെ ചർച്ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താൽപര്യം. മണിപ്പുരിൽ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്. (പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ) ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്.

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കും. രാഹുലിന്റെ ‘ഭാരത മാതാവ് പരാമർശം’ പ്രതിപക്ഷത്തിന്റെ നിരാശയിൽനിന്നു വന്നതാണ്. ഈ പരാമർശം ജനങ്ങളെ വേദനിപ്പിക്കുന്നു. ‘ഭാരത മാതാവ്’ പരാമർശം മാപ്പർഹിക്കാത്തതാണ്. മണിപ്പുരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള സമർപ്പണമാണു ഞങ്ങളുടെ സമീപനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഞങ്ങളുടെ രക്തധമനികളാണ്. കോൺഗ്രസ് ഭരണകാലത്തു മണിപ്പുർ അരക്ഷിതമായിരുന്നു. മണിപ്പുരിൽ സമാധാനം ഉറപ്പാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കും. മണിപ്പുരിൽ കലാപത്തിന്റെ ദുരിതം പേറുന്ന സഹോദരിമാർക്കൊപ്പമാണു രാജ്യം.

ഒറ്റക്കെട്ടായി ഈ പ്രതിസന്ധി നേരിടും. കോൺഗ്രസാണ് വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾക്കു കാരണം. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. വിഭജനത്തിൽ എത്തിച്ചത് കോൺഗ്രസിന്റെ നിലപാടാണ്. ഭാരതമാതാവിനെ ഛിന്നഭിന്നമാക്കിയതു കോൺഗ്രസാണ്. വടക്കുകിഴക്ക് വികസനത്തിന്റെ കേന്ദ്രബിന്ദുവാകും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ക്ഷമിക്കാനാകില്ല, കർശന നടപടിയെടുക്കും. മണിപ്പുരിൽ ശാന്തിയുടെ സൂര്യനുദിക്കും.’’– മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button