കൊച്ചി:വന്ദേഭാരതിന് വേണ്ടി പാലരുവിയുടെ തുടർച്ചയായ സമയമാറ്റങ്ങൾ പാലരുവിയിലെ യാത്രാക്ലേശം വർദ്ധിച്ചെന്ന ആരോപണവുമായി വിവിധ പാസഞ്ചേഴ്സ് സംഘടനകൾ രംഗത്ത്. വന്ദേഭാരത് സർവീസ് തുടങ്ങുന്നതിന് മുമ്പ് പുലർച്ചെ 05.00 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ടുകൊണ്ടിരുന്ന പാലരുവി ഇപ്പോൾ 04.35 നാണ് പുറപ്പെടുന്നത്. വന്ദേഭാരതിന് മുൻഗണന നൽകാൻ വേണ്ടിയാണ് സമയം പടിപടിയായി പിന്നോട്ടാക്കിയത്.
നിലവിൽ 25 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് പുറപ്പെടേണ്ടി വരുന്ന എറണാകുളം ടൗണിലേക്കുള്ള സ്ഥിരയാത്രക്കാർ 35 മിനിറ്റോളം തൃപ്പൂണിത്തുറയിൽ വന്ദേഭാരത് കടന്നുപോകാൻ വീണ്ടും കാത്തുകിടക്കണം. പാലരുവിയിലെ യാത്രക്കാരുടെ ആയുസ്സിന്റെ നല്ലൊരുഭാഗം ഇപ്രകാരം വന്ദേഭാരത് കവരുകയാണ്. സാധാരണക്കാരന്റെ സമയത്തിന് റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു.
പാലരുവി കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം നേരത്തെയാക്കിയപ്പോൾ തൊട്ടുപിന്നിലായി ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസ്സ് നാല്പത് മിനിറ്റോളം വൈകിയാണ് ഇപ്പോൾ രാവിലെ കായംകുളമെത്തുന്നത്. അശാസ്ത്രീയമായ സമയക്രമം രണ്ട് ട്രെയിനിലെയും സ്ഥിരയാത്രക്കരെ ഇവിടെ മോശമായി ബാധിച്ചിട്ടുണ്ട്.
വന്ദേഭാരത് കടന്നുപോകുന്നതിന് പാലരുവി മുളന്തുരുത്തിയിൽ പിടിക്കുന്നതിന് പകരം തൃപ്പൂണിത്തുറയിലെത്തിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. എന്നാൽ വീണ്ടും 15 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് പുറപ്പെടേണ്ടി വരുന്നതിനോട് യാത്രക്കാർക്ക് യോജിക്കാൻ കഴിയില്ലെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ മാൻവെട്ടം അറിയിച്ചു. പുതിയ ഷെഡ്യൂളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സമയം അല്പമെങ്കിലും മുന്നോട്ടാക്കി റെയിൽവേ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
വന്ദേഭാരതിന്റെ ഷെഡ്യൂൾനെ ബാധിക്കാതെ പഴയ സമയക്രമത്തിൽ തന്നെ പാലരുവി തൃപ്പൂണിത്തുറയിലെത്തിക്കാമെന്ന് റെയിൽവേ പലവട്ടം തെളിയിച്ചിരുന്നു. എന്നാൽ ജനുവരി ഒന്നുമുതൽ 15 മിനിറ്റ് നേരത്തെയാക്കിയതിലൂടെ ദുരിതം ഇരട്ടിച്ചെന്നും പുലർച്ചെ 04.20 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 66322 എറണാകുളം മെമുവിനെ തൊട്ടുപിറകെ പാലരുവി ഓരോ സ്റ്റേഷനിലും എത്തുന്നത് കൊണ്ട് യാത്രക്കാർക്ക് വേണ്ട പ്രയോജനം ലഭിക്കുന്നില്ലെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു.
പാലരുവിയ്‌ക്ക് തൊട്ടുമുമ്പിൽ മെമു സർവീസുള്ളത് കൊണ്ട് നേരത്തെ പോകേണ്ടവർക്ക് അതിനെ ആശ്രയിക്കാവുന്നതാണ്. എന്നാൽ പാലരുവിയ്‌ക്ക് ശേഷം ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ 06169 കൊല്ലം എറണാകുളം മെമു സർവീസ് നടത്തുന്നത്. തന്മൂലം അതിലിപ്പോൾ നിയന്ത്രണാതീതമായ തിരക്കാണ്. ഈ ഇടവേള കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് പാലരുവി കടന്നുപോകുന്നതിനാൽ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധിപ്പേർക്ക് ട്രെയിൻ ലഭിക്കാത്ത സാഹചര്യമാണെന്നും എറണാകുളത്തെ ഓഫീസുകളിൽ ദിവസവേതനത്തിൽ ജോലിനോക്കുന്ന നിരവധി സ്ത്രീകൾ ഇതുമൂലം ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും സ്ഥിരയാത്രക്കാരിയും വനിതാ വികസന കോർപ്പറേഷൻ പ്രൊജക്റ്റ് ഓഫീസറുമായ രഹന ഖാലിദ് ഉന്നയിച്ചു.
ഒൻപതുമണിയ്ക്ക് ഓഫീസിലെത്താൻ പാലരുവി മാത്രമാണ് ആശ്രയം. കുറവിലങ്ങാട് ഭാഗത്തുനിന്നും ബസുകളിൽ ആപ്പാഞ്ചിറയിലെത്തി പാലരുവി പിടിക്കുകയെന്നത് ദുഷ്കരമാണ്. ഇരുചക്രവാഹനമില്ലാത്തവരാണ് ഭൂരിപക്ഷവും. പുതിയ സമയക്രമം സാധാരണക്കാരന്റെ സ്വൈര്യജീവിത തകിടം മറിച്ചതായും ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരായെന്നും ഇതുമൂലം വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതായും വൈക്കം റോഡ് യൂസ്ഴ്സ് ഫോറം പ്രതിനിധി അരുൺ രവീന്ദ്രൻ അപലപിച്ചു.
ശാസ്താംകോട്ട, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരും സമയമാറ്റത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇരട്ടപാത വരുമ്പോൾ ദുരിതം കുറയുമെന്ന് കരുതികാത്തിരുന്നവർക്ക് ഇരുട്ടടിപോലെ യാത്രാസമയത്തിൽ വർദ്ധനവ് മാത്രമാണ് ഉണ്ടായതെന്നും കോട്ടയത്തുനിന്നുള്ള സ്ഥിരയാത്രക്കാരനായ യദു കൃഷ്ണൻ പ്രതികരിച്ചു. വീട്ടിലെ ജോലികൾ ഒതുക്കിവേണം ഓഫീസിലെത്താൻ, അതിനായി നന്നേ പുലർച്ചെ ഉണരേണ്ട സാഹചര്യമാണെന്ന് സ്ത്രീയാത്രക്കാരായ സിമി ജ്യോതി, ജീന, ആതിര, അംബികാ ദേവി എന്നിവർ പറഞ്ഞു. പുതിയ സമയക്രമം മൂലം യാത്രാക്ലേശം ഇരട്ടിക്കുകയും മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചതായും ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ലെനിൻ കൈലാസ് അഭിപ്രായപ്പെട്ടു. റെയിൽവേ ഉപദേശക സമിതിയിൽ അംഗമായ കൊടിക്കുന്നിൽ സുരേഷ് എം പി യെ ഈ ആവശ്യവുമായി സംഘടനാ ഭാരവാഹികൾ സമീപിച്ചിട്ടുണ്ട്.
പാലരുവിയുടെ പുതിയ സമയം യാത്രക്കാർക്ക് അനുകൂലമല്ലെന്ന കാര്യത്തിൽ എല്ലാ അസോസിയേഷനും ഒരേ സ്വരമാണുള്ളത്. നിലവിലെ സമയക്രമത്തിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം, യാത്രാക്ലേശം കൂടുതൽ സങ്കീർണ്ണമായിരിക്കുന്ന സാഹചര്യത്തിൽ പാലരുവിയുടെ പഴയ സമയക്രമത്തിലേയ്ക്ക് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ അസോസിയേഷനുകൾ സംഘടിച്ച് കൂട്ടമായി പരാതി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്.
പാലരുവിയുടെ കോട്ടയം സമയം: ARRIVAL /DEPARTURE
▪️വന്ദേഭാരതിന് മുമ്പ് : 07.08/07.10
▪️വന്ദേഭാരത് വന്നപ്പോൾ : 06:55/06:58
▪️ഇപ്പോൾ : 06.40/06.43
(എറണാകുളം ടൗണിൽ എത്തിച്ചേരുന്ന സമയത്തിൽ അന്നും ഇന്നും വ്യത്യാസമില്ലെന്നതാണ് വിരോധാഭാസം..)