27.3 C
Kottayam
Friday, April 19, 2024

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി മനോവൈകൃതമുള്ളയാള്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ക്രിമിനല്‍ കേസുകളിലെ പ്രതി

Must read

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവ് സാലിയെ സമാന രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ കുമരകം സ്വദേശിയായ ബന്ധു കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരം ഉള്‍പ്പെടെ പൊലീസ് ഉടന്‍ പുറത്തുവിടും.

പലവിധ മനോവൈകൃതങ്ങളുള്ള ആളായതിനാല്‍ ഇയാളുമായി സാലി അകല്‍ച്ചയിലായിരുന്നു. ഇയാള്‍ വീട്ടില്‍ വരുന്നതും സാലി വിലക്കിയിരുന്നു. സംഭവ ദിവസം ഇയാള്‍ രാവിലെ അപ്രതീക്ഷിതമായി സാലിയുടെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കടന്നുവന്ന ഇയാള്‍ ഷീബയുമായി സംസാരിക്കുകയും സാലിയെ അന്വേഷിക്കുകയും ചെയ്തു. ബന്ധുവായതിനാല്‍ ഷീബ ഇയാള്‍ക്ക് ചായ നല്‍കാനായി അടുക്കളയിലേക്ക് കടന്നു.

ഈ സമയം ഇയാള്‍ വീട്ടില്‍ വന്നതിനെയും ചായ നല്‍കുന്നതിനെയും ചൊല്ലി സാലിയും ഭാര്യയും തമ്മില്‍ സംസാരമുണ്ടായി. സാലിയും ഷീബയും തമ്മിലുണ്ടായ വഴക്കില്‍ ബന്ധു ഇടപെട്ടതോടെ സാലിയും യുവാവുമായി കയ്യാങ്കളിയായി. കഴുത്തിന് സുഖമില്ലാതെ ചികിത്സയിലായിരുന്ന സാലിയെ പെട്ടെന്നുണ്ടായ പ്രകോപനത്താല്‍ ഹാളിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് ഇയാള്‍ തലയ്ക്കടിച്ചു. പെട്ടെന്ന് അക്രമാസക്തനായ പ്രതി തടസം പിടിക്കാനെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. സ്റ്റൂളെടുത്ത് പൊക്കി അടിക്കുന്നതിനിടെ സീലിംഗ് ഫാനിന്റെ ലീഫില്‍ ഉടക്കിയാണ് ഫാനിന്റെ ലീഫ് വളഞ്ഞത്.

സംഭവശേഷം വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കാറിന്റെ താക്കോലും കൈക്കലാക്കിയ പ്രതി കാറുമായി രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങളാണ് പോലീസിന് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. കാറോടിച്ചുപോകുന്ന ഇയാളുടെ മുഖം തിരിച്ചറിഞ്ഞ അയല്‍വാസികളും ബന്ധുക്കളും നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് കുമരകത്തെ വീട്ടിലെത്തിയെങ്കിലും സംഭവശേഷം ഇയാള്‍ കാറുമായി മുങ്ങുകയായിരുന്നു.

കാറിന്റെ ചിത്രം ഉള്‍പ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ല അതിര്‍ത്തിയിലെ ഒരു പെട്രോള്‍ പമ്പില്‍ കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയ ഇയാളെ പമ്പ് ജീവനക്കാര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ പോലീസിന്റെ സഹായത്തോടെയാണ് ഇന്നലെ പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇയാളെ രാത്രി മുഴുവന്‍ വിശദമായി ചോദ്യം ചെയ്തു. കുറ്റ സമ്മതം നടത്തിയ പ്രതിയെ ഇന്ന് താഴത്തങ്ങാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. അതേ സമയം, സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് കൊലപാതകമെന്നും സംശയമുണ്ട്. ഇതേപ്പറ്റിയും പോലീസ് അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week