Uncategorized

ചില്ലുകൾ അപർണയുടെ കാലിലും എന്റെ കാലിലും ഓക്കേ കയറി ഞങ്ങൾ ചോരയിൽ കുളിച്ചു നികുമ്പോൾ.. സെറ്റ് നിശബ്ദമായി; തരുണ്‍ മൂര്‍ത്തി

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സുരരൈ പോട്രിന്റെ ഗംഭീര വിജയത്തിലൂടെ ശ്രദ്ധ നേടുകയാണ് മലയാളത്തിന്റെ പ്രിയതാരം അപര്‍ണാ ബാലമുരളി. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം ബൊമ്മി എന്ന കഥാപാത്രമായി അപർണ്ണ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ്. ഇപ്പോഴിതാ അപര്‍ണയെ കുറിച്ച് തൃശ്ശിവപേരൂര്‍ ക്ലിപ്തം സിനിമയില്‍ ഒന്നിച്ചഭിനയിച്ച തരുണ്‍ മൂര്‍ത്തിയുടെതായി വന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അപര്‍ണയ്‌ക്കൊപ്പം ഒരു ഫൈറ്റ് സീനില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

തരുണിന്റെ വാക്കുകളിലേക്ക്:

തൃശിവപേരൂർ ക്ലിപ്തം സിനിമയിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്, ഓരോറ്റ സീനിൽ, ഒരു ചെറിയ വേഷം. ഞാൻ അന്ന് ചെയ്ത എന്റെ സുഹൃത്തു Unni Fineday യുടെ കാക്ക എന്ന ഷോര്ട്ട് ഫിലിം കണ്ടിട്ട് എന്നെ രതിഷേട്ടൻ ( രതീഷ് കുമാര്‍) വിളിക്കുന്നത്. ലോട്ടറി അടിച്ച പോലെയാണ് എനിക്ക് തോന്നിയത്. നിക്കണ നിപ്പിൽ തൃശ്ശൂർക്ക് പ്രൊഡക്ഷൻ ഫ്ലാറ്റ് ലേക്ക് വെച്ച് പിടിച്ചു. അങ്ങനെ തൃശൂർ എത്തി റാഫിഖ് ഇക്കയെയും കണ്ടു നീ ആ വേഷം ചെയുന്നു എന്ന്, കഥയുടെ ഒരു രൂപ രേഖയൊക്കെ കേട്ട്, കഥാപാത്രതെ പറ്റിയൊക്കെ പഠിച്ചു വീട്ടിലേക്കു തിരിച്ചു വരുമ്പോ ലോകം കീഴടക്കിയ ഭാവം ആയിരുന്നു എനിക്ക്.

>

ഒരുപാട് നാളത്തെ ഒരു ശ്രമം ആദ്യമായി നടക്കാൻ പോകുന്നു. എല്ലാരേയും വിളിച്ചു വീമ്പ്‌ പറഞ്ഞു. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. 10-15 ദിവസങ്ങൾക്ക് ശേഷം വീണ്ടും കാൾ വരുന്നു, ഷൂട്ട്‌ ഡേറ്റ് കിട്ടുന്നു, താടിയും മുടിയും ഒകെ പറ്റുന്ന പോലെ വളർത്തി ഒരൊറ്റ പോക്ക്. ഷൂട്ടി‌ന് ചെല്ലുമ്പോൾ ആണ് അറിയുന്നു ഒരു ഫെെറ്റ് സീൻ ആണെന്ന്, അതും ഡ്യൂപ്പ് ഇല്ലാതെ ചെയ്യണം, അപർണയും ആയാണ് അടി ഉണ്ടാകേണ്ടത്.

ഫെെറ്റ് മാസ്റ്റർ റൺ രവിയാണ്. പേരൊക്കെ തമിഴ് പടങ്ങളിൽ കണ്ടിട്ടുണ്ട്, ആരോ മൂലയിൽ നിന്ന് പറഞ്ഞു റൺ രവി ആണേൽ ഓട്ടം തന്നെ… ബ്രോ ഓള്‍ ദ ബെസ്റ്റ്‌. പറഞ്ഞ പോലെ തന്നെ ഓട്ടം തന്നെ ഓട്ടം. നിലത്ത് നിന്നിട്ടില്ല…പൊരിഞ്ഞ പോരാട്ടം. അങ്ങനെ അപർണ ബാലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാൻ ആദ്യമായി അഭിനയിച്ചു.

ഒരു പ്രധാന സംഘടനം അപർണയുമായി തൃശ്ശൂർ ബസ്റ്റാന്റിലെ ഒരു മൂത്ര പുരയിൽ കിടന്നാണ്. മാസ്റ്റർ വന്ന് അങ്ങോട്ടും ഇങ്ങോട്ടും അടിച്ചോളാൻ പറഞ്ഞു. രതിഷേട്ടൻ ആക്കട്ടെ നാച്ചുറൽ ആക്കണം അത്രേ… നാച്ചുറൽ..നല്ല ഒന്നാന്തരം അടി, അങ്ങോട്ടും ഇങ്ങോട്ടും. കൈ കിട്ടിയത് ഒകെ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് എറിഞ്ഞു, അടിച്ചു. ഒരു ഗ്രിപ്പ് ഇല്ലാത്ത ജാമ്പവാന്റെ കാലത്തെ ഷൂ ആണ് എനിക്ക് കാലിൽ ഇടാൻ തന്നേക്കുന്നത്.

അത് കൊണ്ട് വീഴാൻ പറഞ്ഞാൽ ഞാൻ തെന്നി അങ്ങ് വീഴും, മനപ്പൂർവം അല്ല ഗ്രിപ്പ് ഇല്ലാത്ത കൊണ്ട് സംഭവിച്ചു പോകുന്നതാണ്. അങ്ങനെ അടിയുടെ ആവേശത്തിൽ ആത്മാർഥത കൂടി ഞാൻ അങ്ങ് ഉരുണ്ട് മറിഞ്ഞു ആക്കി അവിടെ ഒരു വാഷ് ബേസിൻ മണ്ടയ്ക്ക് പോയി വീണ്…അത് നിലത്ത് വീണ് പൊട്ടി. അതിന്റെ ചില്ലുകൾ അപർണയുടെ കാലിലും എന്റെ കാലിലും ഓക്കേ കയറി ഞങ്ങൾ ചോരയിൽ കുളിച്ചു നികുമ്പോൾ.. സെറ്റ് നിശബ്ദമായി…

ഞാൻ നോക്കുമ്പോ സെറ്റ് മുഴുവൻ അപർണയെ പൊതിഞ്ഞു, അപർണ്ണയ്ക്ക് പരിക്ക്…അപർണയ്ക്ക് പരിക്ക്…….അപർണയ്ക്ക് മരുന്ന്, അപർണ യ്ക്ക് വെള്ളം അപർണയ്ക്ക് ബിസ്ക്കറ്റ്, ചോരയിൽ കുളിച്ചു കാലിലെ മുറിവ് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ മേക്കപ്പ് അസിസ്റ്റന്റ് ചേട്ടനോട് ചോദിച്ചു ചേട്ടാ ഇച്ചിരി സ്പ്രേ മുറിവിൽ അടിക്കാമോ എന്ന്. അപ്പോ ആ മഹാപാപി പറയുകയാ ഇത് അപർണയ്ക്ക് ഉള്ളതാണെന്ന്..

ഞാൻ ചോരയും, മുറിവും, ചതവുമായി ഒരു മൂലയ്ക്ക്, റഫീഖ് ഇക്കയാണ് എന്റെ അടുത്ത് വന്ന് ഇരുന്ന് എനിക്ക് മരുന്നൊക്കെ വെച്ച് തന്നത്. അന്ന് ഇക്ക എന്റെ അടുത്ത് പറഞ്ഞു. ചോര കണ്ടാണ് തുടക്കം. കത്തി കയറും എന്ന്.. എഴുനേറ്റു നിക്കാൻ വയ്യ എങ്കിലും മനസ് കൊണ്ട് ഇക്കയെ ഒന്ന് കെട്ടി പിടിച്ചു. അങ്ങനെ ഞൊണ്ടി ഞൊണ്ടി എങ്ങനെയൊക്കെയോ അത് അഭിനയിച്ചു പൊന്നു.

സിനിമ ഇറങ്ങിയപ്പോ ഒരുപാട് ശ്രദ്ധിക്കപെട്ട ഒരു സീൻ ആയിരുന്നു അത്. ഒരു തുടക്കകാരന് കിട്ടാവുന്ന നല്ല ഒരു സീൻ. പക്ഷെ പിന്നെ എന്തോ അവസരങ്ങൾ ഒന്നും വന്നില്ല..നമ്മൾ ചോദിച്ചും ഇല്ല. ആരും തന്നുമില്ല..! പക്ഷെ..ആ സിനിമയിലെ പലരും ന്റെ സഹോദരതുല്യരായി. കൂട്ടുകാരായി. ഇന്ന് ഒരു ഓപ്പറേഷന്‍ ജാവ എഴുതി സംവിധാനം ചെയ്തപ്പോ അതിലെ പലരും വീണ്ടും എനിക്ക് ഒപ്പം എത്തി. അലക്‌സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി, രതിഷേട്ടൻ, അഖിൽ, ദിനേശേട്ടൻ അങ്ങനെ അങ്ങനെ….ചോര കണ്ട് തുടങ്ങിയ അപർണ വാക്ക് പാലിച്ചു…വളർന്നു പന്തലിച്ചു തമിഴ് ലോകം കീഴടക്കി…ഞെട്ടിച്ചു ബൊമ്മി, മധുര ഭാഷയൊക്കെ അമ്മാതിരി പെർഫെക്ഷൻ ചോര കണ്ടതും ചോര കാണിച്ചതും ഞാൻ ആണ്… സ്മരണ വേണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker