കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.
സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. എല്‍ഡിഎഫിനു വേണ്ടി എ.എന്‍.ഷംസീറും യുഡിഎഫിനു വേണ്ടി കെ.പി.അരവിന്ദാക്ഷനുമാണ് തലശ്ശേരിയില്‍ മത്സരിക്കുന്നത്.
ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലു പേരുടെ നാമനിര്‍ദേശ പത്രിക തള്ളി. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബിഎസ്പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.