മുംബൈ: പാകിസ്താനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് 20-ാം തീയതി പ്രഖ്യാപിക്കാനിരിക്കേ എല്ലാ കണ്ണുകളും സഞ്ജു സാംസണിലാണ്. വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മോശം പ്രകടനം താരത്തിന്റെ ഏഷ്യാ കപ്പ് ടീമിലുള്ള സ്ഥാനത്തിന് വെല്ലുവിളിയായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സഞ്ജുവിന്റെ പേര് ഉണ്ടായേക്കില്ല.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ട്വന്റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും യഥാക്രമം 9, 51, 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. 13 ഏകദിനങ്ങളില്‍ നിന്നായി 55.71 ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് അര്‍ധ സെഞ്ചുറികളുമുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന്റെയും പരിക്ക് മാറിയെത്തുന്ന കെ.എല്‍ രാഹുലിന്റെയും സാന്നിധ്യം സഞ്ജുവിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.
ഓഗസ്റ്റ് 30-ന് മുള്‍ട്ടാനില്‍ പാകിസ്താന്‍ – നേപ്പാള്‍ മത്സരത്തോടെയാണ് ഏഷ്യാ കപ്പിന് തുടക്കമാകുന്നത്. ഇപ്പോള്‍ ഏഷ്യാ കപ്പിനുള്ള ടീമിനെ മാത്രമേ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നുള്ളൂ. ലോകകപ്പ് ടീമിന്റെ തിരഞ്ഞെടുപ്പ് നീളും.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സഞ്ജുവിന് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. ഇതിൽ ആദ്യത്തേത് വെസ്റ്റിൻഡീസിലെ മോശം പ്രകടനങ്ങൾ തന്നെയാണ്. ഏകദിന പരമ്പരയിൽ നേടിയ ഒരു അർധസെഞ്ചുറി മാത്രമാണ് വിൻഡീസിൽ സഞ്ജുവിന് എടുത്തുപറയാനുള്ളത്. ടി20 പരമ്പരയിൽ അതി ദയനീയമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
രണ്ടാമത്തെ കാരണം ഇഷാൻ കിഷന്റെ മിന്നും ഫോമാണ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഉജ്ജ്വല പ്രകടനങ്ങളായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാന്റേത്. ഇതോടെ ഏഷ്യാ കപ്പ് ടീമിലും അദ്ദേഹം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പരിക്കിൽ നിന്ന് മുക്തനായ കെഎൽ രാഹുൽ സെലക്ഷന് ലഭ്യമായേക്കുമെന്നതാണ് സഞ്ജുവിന് തിരിച്ചടിയായ മറ്റൊരു കാര്യം. രാഹുലും കൂടിയെത്തുന്നതോടെ ടീമിലെ വിക്കറ്റ് കീപ്പർമാരുടെ എണ്ണം രണ്ടാകും.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ക്രിക്കറ്റ് കളത്തിന് പുറത്തായിരുന്ന വലംകൈയ്യൻ പേസർ പ്രസിദ് കൃഷ്ണയെ ഇന്ത്യ ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ. വെള്ളിയാഴ്ച ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ പ്രസിദ് ഇടം പിടിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനം കൂടി നോക്കിയതിന് ശേഷമാകും അദ്ദേഹത്തിന്റെ സെലക്ഷന്റെ കാര്യത്തിൽ സെലക്ടർമാർ അന്തിമതീരുമാനമെടുക്കുക.