ബ്രിസ്ബെയ്ൻ: ഇന്ത്യൻ വെറ്ററൻ സ്പിന്നറും ഇതിഹാസ താരവുമായ ആർ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം പുതിയ വിവാദങ്ങൾക്കും വഴി തുറന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ അശ്വിനുണ്ട്. മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒറ്റ കളിയിൽ മാത്രമാണ് താരത്തിനു അവസരം കിട്ടിയത്. രണ്ടാം ടെസ്റ്റിൽ കളിച്ച അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ശേഷിക്കുന്ന മത്സരങ്ങളിൽ ഇനി അവസരം കിട്ടില്ലെന്നു ഉറപ്പായതും വിരമിക്കലിലേക്ക് നയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് വിവാദം.
ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് പര്യടനമുണ്ട്. ഈ പരമ്പരയിലേക്ക് അശ്വിനെ പരിഗണിക്കില്ലെന്നു ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് താരത്തിന്റെ വിരമിക്കലെന്നു സൂചനയുണ്ട്. സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചിൽ നടന്ന ന്യൂസിലൻഡിനെതിരായ പോരാട്ടത്തിൽ മൂന്ന് കളിയിലും അശ്വിൻ പന്തെറിഞ്ഞിരുന്നു. എന്നാൽ തിളങ്ങാനായില്ല. മൂന്ന് കളിയിൽ നിന്നായി 9 വിക്കറ്റുകൾ മാത്രമാണ് താരം പിഴുതത്.
ടെസ്റ്റ് ടീമിൽ അവസരം കിട്ടിയ വാഷിങ്ടൻ സുന്ദർ മികച്ച ഫോമിൽ നിൽക്കുന്നതും അശ്വിന്റെ വഴി ഏറെക്കുറെ അടച്ചു കഴിഞ്ഞു. നിലവിൽ ഏകദിന, ടി20 ടീമുകളിൽ അശ്വിൻ ഇല്ല. 2025 ഓഗസ്റ്റിലാണ് ഇനി ഇന്ത്യക്ക് നാട്ടിൽ ടെസ്റ്റ് കളിയുള്ളത്. അതിനാൽ തന്നെ അശ്വിന്റെ ടെസ്റ്റ് കരിയർ ചോദ്യ ചിഹ്നത്തിലായിരുന്നു. ഇതോടെ ടീം മാനേജ്മെന്റ് വിരമിക്കൽ സംബന്ധിച്ചു തീരുമാനം അറിയിക്കാൻ അശ്വിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഒരു പരമ്പരയുടെ പാതി വഴിയ്ക്കു വച്ച് വിരമിക്കൽ പ്രഖ്യാപിച്ച ചരിത്രം ഇന്ത്യൻ ക്രിക്കറ്റിൽ നേരത്തെയുമുണ്ട്. ഇതിഹാസങ്ങളായ അനിൽ കുംബ്ലെ, എംഎസ് ധോനി എന്നിവരും സമാന രീതിയിൽ ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയവരാണ്. 2008ൽ ഓസ്ട്രേലിയക്കെതിരായ 4 മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം പോരാട്ടത്തിനു ശേഷമായിരുന്നു കുംബ്ലെയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2014ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനു പിന്നാലെയാണ് ധോനിയുടെ ടെസ്റ്റ് മത്സരങ്ങളിലെ വിരമിക്കൽ.