കോഴിക്കോട്: പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടമായിരുന്നു. ഇതിനിടെ പൗരത്വ ഭേദഗതി നിയമഭേദഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ഇദ്ദേഹം ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ കേരള സംസ്ഥാനം ഐകകണ്ഠേന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആത്മഹത്യ നടന്നിരിക്കുന്നത്. കേരളം പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് ഇന്നലെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്ത് വന്നിരുന്നു. പാകിസ്താന്‍, ബംദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ആശങ്കകള്‍ക്ക് വഴിവെക്കുന്നത്.