കൊച്ചി: ഷഹലയ്ക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നും സംഭവമറിഞ്ഞാണ് അവിടേയ്ക്ക് എത്തിയതെന്നും സസ്‌പെന്‍ഷനിലായ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സി.വി.ഷജില്‍. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അധ്യാപകന്‍ തന്റെ ഭാഗം വിശദീകരിച്ചിരിക്കുന്നത്. പാമ്പ് കടിയേറ്റുവെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ താന്‍ ക്ലാസ് മുറി പരിശോധിച്ചു. എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ല.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി. ഇവരോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാകട്ടെ എന്ന് വിചാരിച്ചാണ്. മാത്രമല്ല, ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനും കൂടിയാണ് അങ്ങനെ ചെയ്തതെന്നും ഹര്‍ജിയില്‍ അധ്യാപകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷജിലും വൈസ് പ്രിന്‍സിപ്പല്‍ കെ.കെ.മോഹനും ചേര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇരുവര്‍ക്കുമെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഇവര്‍ ഒളിവിലാണ്.