കല്‍പ്പറ്റ: തേനില്‍ മായം ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ചായപ്പൊടിയിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മായം ചേര്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗൂഢല്ലൂരില്‍ നിന്നും മായം ചേര്‍ത്ത നൂറ്കിലോ ചായപ്പൊടി പിടികൂടി. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
ഗൂഡല്ലൂരിലെ ചായക്കടകളില്‍ മായംചേര്‍ത്ത തേയില ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അധികൃതര്‍ പരിശോധന നടത്തിയത്. ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ നീല്‍കമല്‍, എം കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂരിലെ വനിതാ സ്വാശ്രയസംഘങ്ങള്‍ നടത്തുന്ന 10 ചായക്കടകളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന ചായപ്പൊടിയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ പൊടി വാങ്ങുന്ന കടകളിലേക്ക് പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടീ ബോര്‍ഡ് ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.