10 ബില്ലുകൾ തിരിച്ചയച്ച് തമിഴ്‌നാട് ഗവർണർ; നീക്കം നിയമയുദ്ധത്തിനിടെ
ചെന്നൈ: പരിഗണനയിലുള്ള പത്ത് ബില്ലുകള്‍ തിരിച്ചയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റ് കാലത്ത് പാസാക്കിയ രണ്ടു ബില്ലുകള്‍ അടക്കമാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. 12 ബില്ലുകളില്‍ തീരുമാനമെടുക്കുന്നില്ലന്ന് കാണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് ഗവര്‍ണറുടെ നടപടി.
ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിന് പിന്നാലെ സ്പീക്കര്‍ എം. അപ്പാവ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തു. ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് വീണ്ടും അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. ഇതോടെ ബില്ലില്‍ ഒപ്പിടാന്‍ ആര്‍.എന്‍. രവി നിര്‍ബന്ധിതനാവും.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്നതാണ് തിരിച്ചയച്ച ബില്ലുകളില്‍ ഒന്ന്. എ.ഐ.ഡി.എം.കെ. സര്‍ക്കാരിലെ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ളതാണ് മറ്റൊന്ന്.
നേരത്തെ, നീറ്റില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്നതിനുള്ള ബില്ലും ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് ഇത് വീണ്ടും പാസാക്കി സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്ന ബില്ലിലും സമാനനിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.
കേരള, തമിഴ്‌നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സ്പീക്കര്‍ വിളിച്ച നിയമസഭാ സമ്മേളനം അസാധുവാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ പരാമര്‍ശിച്ച സുപ്രീംകോടതി, സമ്മേളനം അസാധുവാണെന്നു കാണിച്ച് അതില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കുന്ന ഗവര്‍ണര്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് പറഞ്ഞിരുന്നു.
തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെയുള്ള ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു. കേസ് ദീപാവലി അവധിക്കുശേഷം നവംബര്‍ 20-ന് കേള്‍ക്കാനായി മാറ്റി. കേസില്‍ അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ കോടതിയെ സഹായിക്കാന്‍ അന്നുണ്ടാവണമെന്നും കോടതി ഉത്തരവിട്ടു.