ചെന്നൈ: വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. അതേ സമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ഈ ദുരന്തത്തില്‍ തന്‍റെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് തമിഴ് സിനിമ താരം വിശാല്‍.
എക്സില്‍ എഴുതിയ പോസ്റ്റിലാണ് വിശാല്‍ തന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലുണ്ടായ ദാരുണമായ സംഭവം എല്ലാവരുടെയും മനസ്സിൽ വലിയ വേദനയാകുകയാണ്. വിശ്രമമില്ലാത്ത പ്രയത്നത്തിന്‍റെ രാത്രികൾ കടന്നുപോകുന്നു. ഒരുപാട് ഹൃദയവേദനയോടെയാണ് നമ്മൾ ഓരോ ദിവസവും കടന്നു പോകുന്നത്.
പ്രകൃതിക്ക് മുന്നിൽ മനുഷ്യർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നത് യാഥാര്‍ത്ഥമാണെങ്കിലും ഈ ദാരുണമായ സംഭവം അംഗീകരിക്കാൻ ഇപ്പോഴും മനസ്സ് വിസമ്മതിക്കുന്നു. ജാതിമത ഭേദമന്യേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോർത്ത് ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും സഹായമെത്തിക്കാന്‍ നാമെല്ലാം ശ്രമിക്കണം.
ഈ ദാരുണമായ സംഭവത്തിൽ അവശേഷിച്ചവരെ രക്ഷിക്കാനും, മരിച്ചവരെ കണ്ടെത്താനും ദുരന്തഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നല്ല മനസ്സുകളോടും നന്ദി പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്കരിക്കാതെ ജനങ്ങളെ സഹായിക്കാൻ ക്രിയാത്മകമായ കർമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്ന് എക്സ് പോസ്റ്റില്‍ വിശാല്‍ പറയുന്നു.
ജൂലൈ മുപ്പതിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട് പുതുപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി അപകടം സംഭവിച്ചത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചത് 300ലേറെ എന്നാണ് റിപ്പോര്‍ട്ട്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്. ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892.