ലൈംഗികാതിക്രമം നടത്തിയാല്‍ അഞ്ചുവര്‍ഷം വിലക്ക്; ശക്തമായ നടപടിക്ക് നടികർ സംഘം
ചെന്നൈ: ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും.
ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികര്‍സംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും. പരാതികള്‍ ആദ്യംതന്നെ നടികര്‍സംഘത്തിന് നല്‍കാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന മുന്നറിയിപ്പുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷവും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മലയാള സിനിമാരംഗത്തെ സംഘടനകള്‍ തയ്യാറാകാതിരിക്കുന്നതിനിടെയാണ് നടികര്‍സംഘത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തീരുമാനങ്ങള്‍ പുറത്തുവരുന്നത്. ബുധനാഴ്ച രാവിലെ 11-നാണ് നടികര്‍ സംഘത്തിന്റെ യോഗം ചെന്നൈയില്‍ ചേര്‍ന്നത്.