InternationalNewsNews

കൈകൾ വെട്ടിമാറ്റും, ശിക്ഷകൾ പരസ്യമാക്കും താലിബാൻ പഴയ കാട്ടുനീതിയിലേക്കു തന്നെ

കാബൂൾ:1990 -കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവര്‍ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് താലിബാന്‍ നടപ്പിലാക്കിയ ആ ശിക്ഷാനടപടികള്‍ ആധുനികലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. പരസ്യമായിട്ടായിരുന്നു താലിബാന്‍റെ ശിക്ഷാനടപടികള്‍. എന്നാലിത്തവണ പഴയ താലിബാനും പഴയ ഭരണവുമായിരിക്കില്ല അഫ്ഗാനിസ്ഥാനിലെന്ന് ഭരണം പിടിച്ചെടുത്ത താലിബാന്‍ പറഞ്ഞുവെങ്കിലും പഴയ ഭരണത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

താലിബാന്റെ യഥാർത്ഥ സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്നയാളും ആദ്യ താലിബാൻ ഭരണകാലത്ത് നീതിന്യായ മന്ത്രിയുമായിരുന്ന മുല്ലാ നൂറുദ്ദീൻ തുറാബിയുടെ ചില പ്രസ്താവനകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൈവെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികളാവശ്യമെങ്കിലുണ്ടാവും എന്നാണ് തുറാബി പറയുന്നത്. ഒപ്പം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച, അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ തുറാബി തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട എന്നാണ് മറ്റ് രാജ്യങ്ങളോട് പറഞ്ഞിരിക്കുന്നത്,

“സ്റ്റേഡിയത്തിലെ ശിക്ഷകളുടെ പേരില്‍ എല്ലാവരും ഞങ്ങളെ വിമർശിച്ചു. പക്ഷേ അവരുടെ നിയമങ്ങളെക്കുറിച്ചും അവരുടെ ശിക്ഷകളെക്കുറിച്ചും ഞങ്ങൾ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. നമ്മുടെ നിയമങ്ങൾ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങൾ ഇസ്ലാമിനെ പിന്തുടരും, ഖുറാന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ നിയമങ്ങൾ ഉണ്ടാക്കും.”

“സ്ത്രീകൾ ഉൾപ്പെടെയുള്ള ജഡ്ജിമാർ കേസുകളിൽ വിധി പറയും. എന്നാൽ, അഫ്ഗാനിസ്ഥാൻ നിയമങ്ങളുടെ അടിസ്ഥാനം ഖുറാനായിരിക്കും” എന്നും തുറാബി പറയുന്നു. സുരക്ഷയ്ക്ക് കൈകൾ വെട്ടിമാറ്റുന്ന തരത്തിലുള്ള ശിക്ഷ വളരെ അത്യാവശ്യമാണെന്ന് തുറാബി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ശിക്ഷകൾ പരസ്യമായി നടപ്പാക്കുമോ എന്ന കാര്യത്തിൽ തുറാബി ഒന്നും പറഞ്ഞിട്ടില്ല. കാബിനറ്റ് അതേ കുറിച്ച് പഠിക്കുകയാണ് എന്നും പഠിച്ച ശേഷം നയം രൂപീകരിക്കുമെന്നുമാണ് തുറാബി പറയുന്നത്.

1996 -ൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ, പുരുഷന്മാരുടെ ഇടം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വനിതാ ജേണലിസ്റ്റിനോട് അയാള്‍ ആക്രോശിച്ചിരുന്നു. ശേഷം അവരെ കയ്യേറ്റം ചെയ്യുകയും എതിര്‍ത്ത ഒരാളുടെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. കാറുകളിൽ നിന്ന് മ്യൂസിക് ടേപ്പുകൾ നശിപ്പിച്ചതിനും മരങ്ങളിലും സൈൻപോസ്റ്റുകളിലുമായി നശിപ്പിച്ച നൂറുകണക്കിന് മീറ്റർ കാസറ്റുകൾ കെട്ടുകയും ചെയ്തതും തുറാബിയായിരുന്നു.

എല്ലാ സർക്കാർ ഓഫീസുകളിലും പുരുഷന്മാർ തലപ്പാവ് ധരിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. താടിവെട്ടിയ പുരുഷന്മാരെ ഇയാളുടെ കൂട്ടാളികൾ പതിവായി മര്‍ദ്ദിച്ചു. സ്പോർട്സ് നിരോധിക്കപ്പെട്ടു. തുറാബിയുടെ അനുയായികൾ ദിവസേന അഞ്ച് തവണ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് എത്താന്‍ പുരുഷന്മാരെ നിർബന്ധിച്ചുവെന്നും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിൽ താലിബാൻ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ തുറബിയും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഇത്തവണ, കാതി ഗാനോൺ എന്ന ഒരു സ്ത്രീ തുറാബിയെ അഭിമുഖം ചെയ്തു. “ഞങ്ങൾ പഴയതിൽ നിന്ന് മാറി” എന്നാണ് തുറാബി അവരോട് പറഞ്ഞത്. ടിവി, മൊബൈൽ ഫോണുകൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ആവശ്യകതയാണ് അതിനാല്‍ അവ താലിബാൻ അനുവദിക്കുമെന്ന് തുറാബി പറഞ്ഞു. എന്നാല്‍, അതിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്കെത്തുക എന്നതാണ് ലക്ഷ്യമെന്നും തുറാബി കൂട്ടിച്ചേര്‍ക്കുന്നു.

ശിക്ഷാവിധികള്‍ പരസ്യമായിട്ടാണ് നടപ്പിലാക്കുന്നതെങ്കില്‍ അതിന്‍റെ ദൃശ്യം പകര്‍ത്തി ആളുകളിലേക്കെത്തിക്കാന്‍ അനുവദിക്കുമെന്നും തുറാബി പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button