KeralaNews

തെരുവുനായ ആക്രമണം: ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്‌,പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി; ഹോട്ട് സ്പോട്ടുകളിൽ സമ്പൂര്‍ണ വാക്സീനേഷൻ

കൊച്ചി :സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. 

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവൽക്കരിക്കാൻ  സർക്കാർ മുൻകൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ – തദ്ദേശ – മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 

തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍  സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്സീനേഷന് മുന്‍ഗണന. രജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്സ്പോര്‍ട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനം ആകുന്നത് വരെ താല്‍ക്കാലിക ഷല്‍ട്ടറുകള്‍ കണ്ടെത്തും. 

തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ദിവസവും അവലോകനം നടത്തും. ജനങ്ങള്‍ക്ക് പുരോഗതി അറിയാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും. 

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ കോളേജ് വിദ്യാ‍ര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തേക്ക് പോയ സമയത്ത് മുൻവാതിലിലൂടെ അകത്ത് പ്രവേശിച്ച തെരുവ് നായ മുറിയിൽ കയറി അഭയയെ കടിക്കുകയായിരുന്നു. പരിക്കേറ്റ അഭയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker