EntertainmentKeralaNews

മോഹന്‍ലാലിന്റെ ധനസഹായം എല്ലാ മാസവും പി.കെ.ആര്‍. പിള്ളയെ തേടിയെത്തുന്നുണ്ടായിരുന്നു;ആര്‍ക്കും അറിയാത്ത കഥ

പാലക്കാട്‌:സിനിമാ നിർമാതാവും വ്യവസായിയുമായ പി.കെ.ആര്‍. പിള്ള വിട വാങ്ങുമ്പോൾ ഓർമയാകുന്നത് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറും അതിലൂടെ ഹിറ്റടിച്ച ഒരുപിടി ചിത്രങ്ങളുമാണ്. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർ നിർമാതാവിനു പക്ഷേ ജീവിത സായാഹ്നത്തിൽ ഒന്നും ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല. മറവിരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അവസാനകാലത്ത്, ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നപ്പോൾ പഴയ സൂപ്പർ നിർമാതാവിനു കൈത്താങ്ങായത് അദ്ദേഹത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാലായിരുന്നു എന്നത് അധികമാരും അറിഞ്ഞില്ല.

സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അപ്പാടെ തകർന്ന അവസ്ഥയിലായിരുന്നില്ല പിള്ളയുടെ കുടുംബം. എല്ലാ മാസവും ഭീമമായ തുക ചികിത്സക്കായി വേണ്ടി വന്നതായിരുന്നു ഏക വെല്ലുവിളി. ഇക്കാര്യം അറിഞ്ഞ മോഹൻലാൽ അദ്ദേഹത്തെ സഹായിക്കാൻ മുമ്പോട്ടു വന്നു. എല്ലാ മാസവും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ചെലവിനുമുള്ള തുക മുടങ്ങാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് മോഹൻലാൽ പഴയ നിർമാതാവിനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിച്ചത്. എൺപതുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമകൾ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിർമാതാവ് എന്ന നിലയിൽ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. പിന്നാലെ വന്ദനം, അർഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ.പിള്ള. മുംബൈയിലായിരുന്നു ബിസിനസിന്റെ ഏറിയ പങ്കും. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 22 സിനിമകൾ അദ്ദേഹം നിർമിച്ചു. പത്തു വർഷം മുമ്പ് ബിസിനസ് തകർന്നതോടെ മുംബൈ വിട്ട് തൃശൂരിൽ താമസമാക്കി. അതിനിടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നതായും പലവട്ടം അതിനായി ശ്രമിച്ചിരുന്നതായും ഭാര്യ രമ മുൻപ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഓർമക്കുറവുണ്ടെന്നതൊഴിച്ചാൽ അദ്ദേഹം അദ്ദേഹം ആരോഗ്യവാനായിരുന്നു.

നാല് വർഷം മുമ്പ് നിർമാതാവ് സജി നന്ത്യാട്ട് വഴിയാണ് പി.കെ.ആർ. പിള്ളയുടെ ജീവിതാവസ്ഥയെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇന്ത്യയിലെ വമ്പൻ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പി.കെ.ആർ. പിളളയ്ക്ക്. ഒപ്പം നിന്നവർ അവയെല്ലാം തന്ത്രപൂര്‍വം കൈവശപ്പെടുത്തിയതോടെയാണ് തകർച്ച ആരംഭിച്ചത്. അക്കാലത്ത് ആറുകോടിയിലധികം രൂപ വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റെന്നും വാർത്തകൾ വന്നിരുന്നു. സാമ്പത്തികമായി തകർന്നപ്പോൾ സിനിമയിൽ നിന്നുളള പല ബന്ധങ്ങളും അകന്നു. ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടി. അതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചർച്ചയായത്. എന്നാൽ, ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവസ്ഥയിലാണ് പി.കെ.ആര്‍. പിള്ളയെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

പിള്ളയുടെ നാല് മക്കളിലൊരാളായ സിദ്ധു ആർ.പിള്ള ദുരൂഹസാഹചര്യത്തില്‍ ഗോവയില്‍ വച്ചു മരിച്ചിരുന്നു. ദുൽഖർ ചിത്രം സെക്കൻഡ് ഷോയിൽ സിദ്ധു അഭിനയിച്ചിരുന്നു. മകന്റെ മരണവും പിള്ളയുടെ കുടുംബത്തെ തളർത്തി. സിദ്ധാര്‍ത്ഥിന്‍റെ മരണം അദ്ദേഹത്തെ ആകെ ഉലച്ചു. അഭിനേതാവ് എന്ന നിലയില്‍ മകൻ സജീവമാകുന്നതിനിടെയായിരുന്നു ആ അപകടം. അതോടെ പി.കെ.ആര്‍. പിള്ള മുറിയില്‍നിന്നിറങ്ങാതെയായി.

ഇരുപതിലേറെ സിനിമകള്‍  പിള്ള നിര്‍മിച്ചിട്ടുണ്ട്. ആ സിനിമകള്‍ ഇന്നും ചാനലുകളില്‍ ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. പക്ഷേ അവയുടെയൊന്നും റൈറ്റ്സ് അദ്ദേഹത്തിന്‍റെ പക്കലില്ലെന്നാണ് കുടുംബക്കാർ പറയുന്നത്. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ പഴയ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നായിരുന്നു പി.കെ.ആര്‍. പിള്ളയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ. പക്ഷേ, അതും നടന്നില്ല. 1984ല്‍ നിർമിച്ച വെപ്രാളം ആയിരുന്നു പി.കെ.ആര്‍. പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു. 2002 ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിർ‌മിച്ച ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker