EntertainmentNationalNews

‘ദീപിക കാവി ബിക്കിനി ധരിച്ചാൽ പ്രശ്നം; സ്മൃതി ‘മിസ് ഇന്ത്യ’യിൽ കാവിയുടുത്താൽ കുഴപ്പമില്ലേ?വിവാദം കൊഴുക്കുന്നു വിഡിയോ

ന്യൂഡൽഹി: ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പത്താന്‍’ എന്ന സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിമർശിക്കുമ്പോൾ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുൻപ് കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവച്ച് തിരിച്ചടിക്കുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത.

ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ, സമൂഹമാധ്യമങ്ങളിൽ ‘പോരാട്ടം’ കനത്തു. ‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവന്നതോടെയാണ് കാവി വസ്ത്രത്തെച്ചൊല്ലി വിവാദം ഉടലെടുത്തത്. ഈ ഗാനരംഗത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

വിവാദത്തിൽ കക്ഷി ചേർന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിനു മറുപടിയായാണ്, 1998 കാലഘട്ടത്തിൽ സ്മൃതി ഇറാനി കാവി വസ്ത്രം ധരിച്ച് ‘മിസ് ഇന്ത്യ’ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോ റിജു ദത്ത പങ്കുവച്ചത്. അതേസമയം, തൃണമൂൽ നേതാവ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ട്വീറ്റെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണു ചാറ്റർജി നിലപാട് വ്യക്തമാക്കിയത്.

‘‘ഇതുപോലെ സ്ത്രീവിരുദ്ധനായ ഒരാളെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ വക്താവായി നിയോഗിക്കാൻ മമതാ ബാനർജിക്ക് ലജ്ജയില്ലേ? സ്ത്രീകളോടോ അവരുടെ തീരുമാനങ്ങളോടോ തെല്ലും ബഹുമാനമില്ലാത്ത വ്യക്തിയാണ് അയാൾ. സ്ത്രീകളുടെ വിജയത്തെയും അവരുടെ ഉയർച്ചയേയും അയാൾ എതിർക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ കാരണം ഇയാളെപ്പോലുള്ള പുരുഷൻമാരാണ്’ – ലോക്കറ്റ് ചാറ്റർജി ട്വീറ്റ് ചെയ്തു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനു എന്ന യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെ പിന്തുണച്ച ചരിത്രമുള്ളവരാണ് താൻ സ്ത്രീവിരുദ്ധനാണെന്ന് ആക്ഷേപിക്കുന്നതെന്ന് റിജു ദത്ത തിരിച്ചടിച്ചു.

‘‘കാവിയെന്നത് നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീർക്കാനുള്ള ഈ അഭിനയം ആദ്യം നിർത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകൾ കാവി വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് വലിയ പ്രശ്നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാൽ യാതൊരു പ്രശ്നവുമില്ല. നിങ്ങൾക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. കപടനാട്യക്കാർ!. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാർട്ടിയിൽ അംഗമാണ് ഞാൻ. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സൻസ്കാരി ബ്രാഹ്മിൻസ്’ എന്ന് വിളിക്കുന്നവരുടെ പാർട്ടിക്കാരും’’ – റിജു ദത്ത കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker