KeralaNationalNews

അമൃതാനന്ദമഠത്തിലെ ജഗ്ഗു സ്വാമിയ്ക്കായി ലുക്കൗട്ട് നോട്ടീസ്,മഠത്തിലെ പ്രധാനി പിടികിട്ടാപ്പുള്ളി, തെലങ്കാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള ഓപ്പറേഷന്‍ താമരയ്ക്ക് പിന്നിലെ അന്വേഷണത്തില്‍ കണ്ടെത്തുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍,തുഷാര്‍ ഉടന്‍ അറസ്റ്റിലായേക്കും

കൊച്ചി: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’യുടെ പേരിൽ തെലുങ്കാന പൊലീസ് തേടുന്ന കൊച്ചി അമൃത ആശുപത്രിയിലെ ചുമതലക്കാരനായ ഡോ. ജഗ്ഗു സ്വാമി പിടികിട്ടാപുള്ളി. ജഗ്ഗു സ്വാമിക്കെതിരെ തെലുങ്കാനാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഓപ്പറേഷൻ കമലത്തിനായി തുഷാർ വെള്ളാപ്പള്ളിയെ ബന്ധപ്പെടുത്തി എന്നതിൽ ആരോപണ വിധേയനനാണ് സ്വാമി. ഇദ്ദേഹത്തെ തേടിയാണ് തെലുങ്കാന പൊലീസ് അമൃത ആശുപത്രിയിൽ എത്തിയത്. എന്നാൽ, സ്വാമി സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് സ്വാമിയുടെ ഓഫീസ് പരിശോധന നടത്തി. ഇതിന് മുമ്പ് തന്നെ സ്വാമി ഒളിവിൽ പോയിരുന്നു.

തെലങ്കാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അമൃതാ ആശുപത്രിയിൽ എത്തിയതത്. തുടർന്ന് കേരളാ പൊലീസിന്റെ സഹായത്തോടെ സ്വാമിയുടെ മുറി തുറന്ന് പരിശോധിച്ച് മൊബൈൽ ഫോണുകളും ചില രേഖകളും തെലങ്കാന പൊലീസ് സംഘം കണ്ടെടുത്തു. മലയാളിയും നൽഗൊണ്ട പൊലീസ് സൂപ്രണ്ടുമായ രമാ രാജേശ്വരി ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അമൃത ആശുപത്രിയിൽ ഡോ.ജഗ്ഗു സ്വാമിയെ തേടിയെത്തിയത്.

പിന്നീട് വള്ളിക്കാവിലും എത്തി. അവിടേയും പരിശോധിച്ചു. എന്നാൽ ജഗ്ഗു സ്വാമിയെ കണ്ടെത്താനായില്ല. എസ് എൻ ഡി പി നേതാവ് കൂടിയായ തുഷാർ വെള്ളാപ്പള്ളിക്ക് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ നോട്ട് നൽകിയിട്ടുണ്ട്. എന്നാൽ ജഗ്ഗു സ്വാമിയെ ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ശേഷം തുഷാറിനേയും അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്.

ജഗ്ഗു സ്വാമിയുടെ ഇടപാടുകളുമായി ബന്ധമില്ലെന്നാണ് ആശ്രമം നൽകുന്ന വിശദീകരണം. ജഗ്ഗു സ്വാമിക്ക് ഇനി ആശ്രമവുമായി ബന്ധമുണ്ടാകില്ലെന്നും സൂചന നൽകുന്നു. നേരത്തെ കൊച്ചിയിലെ ആശുപത്രി കാമ്പസിലെത്തിയ പൊലീസ് സംഘം ഡോ.ജഗ്ഗുവിന്റെ താമസ സ്ഥലം ഹെൽപ്പ് ഡെസ്‌ക്കിൽ അന്വേഷിച്ചു. തെലങ്കാനയിൽ നിന്നുള്ള പൊലീസ് സംഘമാണെന്ന് അറിയിച്ചപ്പോൾ ആശുപത്രി കാമ്പസിനുള്ളിലെ ഡെ.ജഗ്ഗുവിന്റെ താമസ സ്ഥലം അധികൃതർ പറഞ്ഞു കൊടുത്തു. ഇതേസമയം ജഗ്ഗു സ്വാമി സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയും കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെ ഡോ.ജഗ്ഗുവിന്റെ മുറി തുറന്ന് പരിശോധന നടത്തുകയും ചെയ്തത്.

സംഭവത്തിലെ പ്രതികളിലൊരാളായ ഫരീദാബാദ് ആസ്ഥാനമായുള്ള മതപ്രഭാഷകൻ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഡോ.ജഗ്ഗു സ്വാമി. രാമചന്ദ്ര ഭാരതിയുമായുള്ള ബന്ധമാണ് ജഗ്ഗു സ്വാമിയെ സംശയത്തിലാക്കിയത്. ജഗ്ഗുസ്വാമിയാണ് തുഷാർ വെള്ളാപ്പള്ളിയെ രാമചന്ദ്ര ഭാരതിയുമായി പരിചയപ്പെടുത്തിയത്. ഇക്കാര്യത്തിൽ അടക്കം വ്യക്തത തേടിയാണ് തെലുങ്കാന പൊലീസ് എത്തിയിരിക്കുന്ന്ത. തുഷാർ വെള്ളാപ്പള്ളിക്ക് ഓപ്പറേഷൻ കമലത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് തെലുങ്കാന പൊലീസ് ആരോപിക്കുന്നത്. 100 കോടി രൂപയ്ക്ക് ഓപ്പറേഷൻ കമല നടത്താൻ തുഷാറിനൊപ്പം രാമചന്ദ്ര ഭാരതിയും പങ്കാളിയായിരുന്നുവെന്നാണ് ആരോപണം.

ഡോ.ജഗ്ഗു സ്വാമി അമൃതാ ആശുപത്രിയിലെ അഡി.ജനറൽ മാനേജറാണ്. കരുനാഗപ്പള്ളിയെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഡോ. ജഗ്ഗു പിന്നീട് ആശുപത്രിയുടെ ചുമതലക്കാരനായി മാറുകയുമായിരുന്നു. കേരളത്തിന് അകത്തു പുറത്തുമായി നിരവധി രാഷ്ട്രീയ നേതാക്കളുമായും പ്രശസ്ത വ്യക്തികളുമായി ജഗ്ഗു സ്വാമിക്ക് ബന്ധമുണ്ട്. അങ്ങനെ പരിചയമുള്ള വ്യക്തികളാണ് തുഷാറും രാമചന്ദ്ര ഭാരതിയും. ഓപ്പറേഷൻ കമലയുടെ ഭാഗമായി തുഷാർ വെള്ളാപ്പള്ളി എംഎൽഎ രോഹിത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചതിനും തെളിവുകൾ തെലുങ്കാന പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതൽ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിലാണ് കേസന്വേഷിക്കുന്ന തെലങ്കാന എസ്.എ.ടി സംഘം റെയ്ഡ് നടത്തിയത്. ഹരിയാന, കേരളം, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലായി ഏഴ് ഇടങ്ങളിൽ തെലങ്കാന പൊലീസ് ഒരേസമയമാണ് തിരച്ചിൽ നടത്തിയത്. ഇത് നേരത്തെ മനസ്സിലാക്കി ജഗ്ഗു സ്വാമി മുങ്ങി. സൈബരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ പൊലീസ് യൂണിറ്റുകളിൽ നിന്ന് 80 പൊലീസുകാരാണ് അന്വേഷണ സംഘത്തിലുള്ളത്.

അറസ്റ്റിലായ മൂന്ന് പ്രതികളായ ഫരീദാബാദ് ആസ്ഥാനമായുള്ള മതപ്രഭാഷകൻ രാമചന്ദ്ര ഭാരതി, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി നന്ദകുമാർ, തിരുപ്പതിയിലെ സിംഹയാജി സ്വാമി എന്നിവരുടെ വീടുകളിലും തിരച്ചിൽ നടത്തി്. ഹൈദരാബാദ് വ്യവസായി നന്ദ കുമാറിന്റെ ജൂബിലി ഹിൽസിലെ വീടുകളിലും റസ്റ്റോറന്റിലും എസ്‌ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകൾ തെലങ്കാന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker