KeralaNews

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകുമോ? യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് വിധി. വധശിക്ഷയില്‍ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. കൊലപാതം ആത്മരക്ഷാര്‍ഥമെന്നാണ് വാദം. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്ന് കരുതുന്നതായി അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവം.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷ ശരിവച്ചാല്‍ യെമന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കേസ് സമര്‍പ്പിക്കാം. എന്നാല്‍, അവിടെ അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്.

കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുന്‍പില്‍ തടിച്ചു കൂടി പ്രതിഷേധം നടത്തിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker