
മലപ്പുറം: താനൂരില്‍നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളുമായി പോലീസ് സംഘം നാട്ടിലെത്തി. തിരൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മഹാരാഷ്ട്രയില്‍നിന്നുള്ള ഗരീബ് രഥ് എക്‌സപ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍കുട്ടികളെ തിരൂരിലെത്തിച്ചത്. കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിടും. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായാണ് റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്തത്.
കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് പോയ റഹീം അസ്ലമിനെ ശനിയാഴ്ച രാവിലെയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ യുവാവിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കുട്ടികള്‍ പോകാനുള്ള കാരണമെന്താണ്, കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെനിന്ന് എന്നീകാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് കടന്നുകളഞ്ഞവിവരം വ്യക്തമായത്.
പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. അവിടെനിന്ന് ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുമ്പോഴാണ് പുണെയ്ക്കടുത്ത് ലോനാവാലയില്‍വെച്ച് പെണ്‍കുട്ടികളെ ആര്‍.പി.എഫ്. കണ്ടെത്തിയത്.