KeralaNews

ഹരിദാസന്റെ കൊലപാതകം, പ്രതികൾ സഞ്ചരിച്ച ബൈക്കിനായി തെരച്ചിൽ,7 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിൽ ഹരിദാസന്റെ കൊലപാതകത്തിൽ (Haridas Murder Case) പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നിലവിൽ 7 പേരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ബി ജെ പി കൗൺസിലർ ലിജേഷ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് സി പി എം ആരോപിക്കുന്നത്.

ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ടോടെ സംസ്കരിച്ചിരുന്നു. നൂറിലേറെ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യയാത്ര. വീട്ടുമുറ്റത്ത് വെച്ചാണ് ഹരിദാസ് അക്രമിക്കപ്പെട്ടത്. ഹരിദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബാംഗങ്ങൾ ഇനിയും മുക്തരായിട്ടില്ല. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

പുന്നോലിലെ ക്ഷേത്രത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഹരിദാസനും സഹോദരൻ സുരേന്ദ്രനുമെതിരെ ഭീഷണി നിലനിന്നിരുന്നു. ക്ഷേത്രത്തിലെ സംഘർഷത്തിൽ സുരേന്ദ്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു ഹരിദാസിനും സുരേന്ദ്രനും.

പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാര ചടങ്ങിന് ശേഷം സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു തലത്തിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.

വീടിന്റെ നെടുംതൂണായ മനുഷ്യനായിരുന്നു ഹരിദാസ്. ഹരിദാസും സഹോദരനും കുടുംബങ്ങളും ഒരുമിച്ചായിരുന്നു താമസം. കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അത്യധ്വാനം ചെയ്യുന്നയാളായിരുന്നു ഹരിദാസ്. മകളുടെ ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം ആവശ്യമുള്ളതിനാൽ അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്യുന്നയാളായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഹരിദാസിന്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തിന് ബാങ്ക് വായ്പാ ബാധ്യതകളും ഉണ്ടായിരുന്നെന്നാണ് വിവരം.

സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസം​ഗം നടത്തിയ ബിജെപി കൗൺസില‍ർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ‍ർ ആർ ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം.

നിലവിൽ കസ്റ്റഡിയിലുള്ളവ‍ർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഹരിദാസന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണർ അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ അറസ്റ്റിലാവുമെന്നും അറിയിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ ഇരുപതിലധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോ‍ർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോ‍ർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker