FeaturedHome-bannerKeralaNews

ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോ​ഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.

മല്ലപ്പള്ളിയിലെ വിവാ​ദ പ്രസം​ഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു.

ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമർശനം മാത്രമാണ് സജി ചെറിയാൻ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേർന്നത്. അതനുസരിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.

മല്ലപ്പളിയിൽ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമർശിക്കുന്ന തരത്തിൽ സജി ചെറിയാൻ സംസാരിച്ചുവെന്ന പരാതിയാണ് വിമർശനങ്ങൾക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം കുന്തം കുടചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം''

2022ൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നടത്തിയ വിവാദ പരാമർശം. ഈ വിവാദ പ്രസംഗം വലിയ ചർച്ചയാവുകയും പിന്നാലെ മന്ത്രി സ്ഥാനം സജി ചെറിയാൻ രാജി വെക്കുകയുമായിരുന്നു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയെങ്കിലും കേസിൽ കോടതിയിൽനിന്ന് തീർപ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാൻ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker