KeralaNews

2000 രൂപയുടെ നോട്ടുകൾ ലക്ഷ്യം പൂർത്തീകരിച്ചു; നിയമ പ്രാബല്യം തുടരും: ശക്തികാന്ത ദാസ്

മുംബൈ: രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.

ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിച്ചത്. അതേസമയം, ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. തിയതി പിന്നിട്ടാലും എപ്പോള്‍ വേണമെങ്കിലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് അതില്‍നിന്നുള്ള സൂചന.

നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ആര്‍ബിഐയുടെ കറന്‍സി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക. മിക്കവാറും ബാങ്കുകള്‍ എടിഎമില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നയമനുസരിച്ചാണ് നടപടിയെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ 2016ലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker