CrimeKeralaNews

വയോധികയുടെ മാല മോഷ്ടിച്ച് പണയംവെച്ചു; ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടം, യുവതിക്കെതിരേ രണ്ടു കേസ്

തൃശ്ശൂര്‍: ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ അറുപതുകാരിയുടെ മാല, സ്‌നേഹം നടിച്ചെത്തിയ സ്ത്രീ ജ്യൂസില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കി കവര്‍ന്നു. മാല അവര്‍ പണയം വെച്ച് പണവും വാങ്ങി. മോഷ്ടാവ് പിടിയിലായപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ്. അവരുടെ പേരില്‍ രണ്ടു കേസ്. മോഷണത്തിനും മുക്കുപണ്ടം പണയം വച്ചതിനും. അവര്‍ മോഷ്ടിച്ചതും പണയം വച്ചതും മുക്കുപണ്ടമായിരുന്നു.

തളിക്കുളം എസ്.എന്‍.വി. സ്‌കൂളിനുസമീപം കളരിക്കല്‍ ലജിത(41)യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. ഡിസംബര്‍ രണ്ടിനാണ് സംഭവം.

ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരുന്ന സ്ത്രീക്ക് സംസാരത്തിനിടെ ഉറക്കഗുളിക ചേര്‍ത്ത ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജ്യൂസ് കുടിച്ച സ്ത്രീ മയങ്ങിത്തുടങ്ങിയപ്പോള്‍, മടിയില്‍ തലവെച്ച് കിടക്കാന്‍ പറയുകയും ബോധരഹിതയായെന്നുറപ്പായപ്പോള്‍ മാല മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.

മോഷ്ടിച്ച മാല നഗരത്തിലെ ധനകാര്യസ്ഥാപനത്തിലാണ് പണയം വച്ചത്. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് സ്വര്‍ണമല്ലെന്ന് തെളിഞ്ഞത്. മാല നഷ്ടപ്പെട്ട സ്ത്രീ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലജിതയെ അറസ്റ്റുചെയ്തത്.

നഗരത്തില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറയില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ജ്യൂസ് വാങ്ങിയ സ്ഥലവും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പും തെളിവെടുപ്പിനെത്തിച്ചപ്പോള്‍, പ്രതി പോലീസിന് കാണിച്ചു കൊടുത്തു.

ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്. ഗീതുമോള്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ എം. ജയലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സ്മിത, പി. ഹരീഷ് കുമാര്‍, വി.ബി. ദീപക്, ക്യാമറ കണ്‍ട്രോള്‍ റൂം വിഭാഗത്തിലെ ഐ.ആര്‍. അതുല്‍ ശങ്കര്‍, പി.എം. അഭിഭിലായ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker