ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ മത്സരം മഴ മുടക്കുമെന്ന് വാര്‍ത്തകളുണ്ട്. വ്യാഴാഴ്ച്ച ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. എന്നാല്‍ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഗയാനയില്‍ നിന്ന് വരുന്നത്. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത. വാസ്തവത്തില്‍, അടുത്ത രണ്ട് ദിവസത്തേക്ക് ഗയാനയിലെ കാലാവസ്ഥ മോശമായിരിക്കും.
ഇന്നലേയും ഇന്നും പ്രദേശങ്ങളില്‍ കനത്ത മഴയുണ്ട്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കൂടെ കാറ്റും ഇടിമിന്നലും. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരം മഴ തടസപ്പെടുത്തിയാല്‍ ആര് ഫൈനലിലെത്തുമെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല. എന്നാല്‍ 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഒരു പന്ത് പോലും എറിയാനാവാത്ത രീതിയില്‍ മത്സരം മഴയെടുത്താല്‍ ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടക്കും. ഇംഗ്ലണ്ട് പുറത്തേക്കും. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ പിന്നീട് ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ജയിച്ചിരുന്നു. ഗ്രൂപ്പ് രണ്ടില്‍ രണ്ടാമതായിരുന്നു ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം അവര്‍ പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, യുഎസ് ടീമുകളെ തോല്‍പ്പിക്കാനുമായി.
ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.