സ്റ്റോക്ക്‌ഹോം: ബാൾട്ടിക് കടലിലെ സീ ടെലികോം കേബിളുകൾ തകർന്ന സംഭവത്തിൽ ചൈന അന്വേഷണത്തോട് സഹകരിക്കണമെന്ന ആവശ്യവുമായി സ്വീഡൻ. സ്വീഡനെയും ലിത്വാനിയയേയും ഫിൻലാൻഡിനേയും ജർമ്മനിയേയും ബന്ധിക്കുന്ന സീ ടെലികോം കേബിളുകൾക്കാണ് നവംബർ 17നും 18നും കേടുപാടുകൾ സംഭവിച്ചത്.
ഡെൻമാർക്കിന് സമീപത്തായി ചൈനീസ് കപ്പലായ യി പെംഗ് ത്രീ നങ്കൂരമിട്ട് കിടന്ന സമയത്തായിരുന്ന കടലിനടിയിലെ കേബിളുകൾക്ക് തകരാർ സംഭവിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ടെലികോം കേബിളുകൾ തകർന്നതിൽ പങ്കില്ലെന്ന് വെള്ളിയാഴ്ച വ്യക്തമാക്കിയ ചൈന അന്വേഷണത്തോടെ സ്വീഡനോടും മറ്റ് ബാധിക്കപ്പെട്ട രാജ്യങ്ങളോടും സഹകരിക്കുമെന്നും വിശദമാക്കിയിട്ടുണ്ട്.
സെന്റ് പീറ്റേഴ്സബർഗിന് പടിഞ്ഞാറ് മേഖലയിലുള്ള റഷ്യൻ തുറമുഖമായ ഉസ്റ്റ്-ലുഗയിൽ നിന്ന് നവംബർ 15ന് പുറപ്പെട്ടതായിരുന്നു ചൈനീസ് കപ്പലായ യി പെംഗ് ത്രീ. നവംബർ 17നാണ് സ്വീഡൻ ദ്വീപായ ഗോട്ട്ലാൻഡിനും ലിത്വാനിയയ്ക്ക് ഇടയിലുമുള്ള എരിലിയോൺ കേബിളുകൾക്ക് തകരാറുണ്ടായത്.
അടുത്ത ദിവസം ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയും ജർമൻ തുറമുഖമായ റോസ്റ്റോക്കുമായുള്ള ടെലികോം കേബിളുകളും തകർന്നു. കേബിളുകൾക്ക് തകരാറുണ്ടായ സമയത്ത് ചൈനീസ് കപ്പൽ ഈ മേഖലയിൽ ഉണ്ടായതായാണ് ഷിപ് ട്രാക്കിംഗ് വെബ്സൈറ്റുകൾ വിശദമാക്കുന്നത്. ടെലികോം കേബിളുകൾ തകർന്ന സമയത്ത് ചൈനീസ് കപ്പൽ ഇതുവഴി പോയെന്ന് വ്യക്തമാക്കുന്നതാണ് ട്രാക്കിംഗ് രേഖകൾ.
അനാവശ്യമായി നങ്കുരമിടുകയും നങ്കുരം 160 കിലോമീറ്ററിലേറെ വലിച്ചുകൊണ്ട് പോവുകയും ചെയ്തതിന് പിന്നാലെയാണ് കേബിളുകൾ തകർന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൻമാർക്ക് നാവിക സേനയുടെ നിരീക്ഷണത്തിൽ ചൈനീസ് കപ്പലുണ്ടായിരുന്ന സമയത്തായിരുന്നു ഇതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വ്യാഴാഴ്ചയാണ് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണമെന്നാണ് സ്വീഡൻ വിശദമാക്കുന്നത്. ചൈനീസ് കപ്പലിനോട് സ്വീഡിഷ് കടൽ മേഖലയിലേക്ക് എത്താനും നിർദ്ദേശിച്ചതായാണ് സ്വീഡൻ പ്രധാനമന്ത്രി വിശദമാക്കിയിട്ടുള്ളത്.
ഇതിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് വിശദമാക്കിയിട്ടുള്ളത്. റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ബാൾട്ടികം കടലിലും സംഘർഷാവസ്ഥ ശക്തമാണ്. സമുദ്രാന്തർ മേഖലയിലെ വാതക പൈപ്പ് ലൈനുകളും ടെലികോം കേബിളുകളും കേടുപാടുകൾ വരാൻ ആരംഭിച്ചതും ബാൾട്ടിക് കടലിനെ സംഘർഷാവസ്ഥയിൽ എത്തിച്ചിരുന്നു.