തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സംസാരിച്ചത്.
തന്റെ യോഗ്യത സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ല. തന്റെ മുന്‍പരിചയം അറ്റാഷെ പ്രയോജനപ്പെടുത്തി. കോൺസുലേറ്റിൽ നിന്ന് പുറത്തുവന്ന ശേഷവും അറ്റാഷെ ഉൾപ്പെടെയുള്ളവർ തന്റെ സഹായം തേടിയിരുന്നുവെന്ന് സ്വപ്‌ന സമ്മതിക്കുന്നുണ്ട്. തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം. താൻ കേസിൽ ആരോപണവിധേയമാത്രമാണ്. തനിക്കെതിരെ തെളിവില്ല. അതുകൊണ്ടുതന്നെ തന്റെ ചിത്രം പ്രചരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സ്വപ്‌ന പറയുന്നു.
ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും സ്വപ്ന വ്യക്തമാക്കി. ഇന്നലെയാണ് അഭിഭാഷകൻ രാജേഷ് കുമാർ വഴി ഓൺലൈൻ ആയി സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.