KeralaNews

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കലാണ് കേസില്‍ നിന്നു പിന്മാറിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഇദ്ദേഹം നിലപാടറിയിച്ചിട്ടുണ്ട്. സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിന്മാറ്റമെന്നതാണ് ഏറ്റവും ശ്രദ്ധേയം. വക്കാലത്തൊഴിയാനുള്ള കാരണം പുറത്തുപറയാനാകില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ഇ ഡി സ്വപ്നയെ ചോദ്യം ചെയ്യാനിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയില്‍ നല്‍കാനാണ് ഇഡി നീക്കം. സ്വപ്ന സുരേഷിനു സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് നല്‍കിയ ശമ്പളം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്വപ്നയ്ക്ക് നല്‍കിയ ശമ്പളം മടക്കി നല്‍ണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്തെഴുതി.

പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) അധികൃതര്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചു നല്‍കിയില്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി ഫീസായി പിഡബ്ല്യുസിക്കു നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button