തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് തിരയുന്ന മുഖ്യആസൂത്രക സ്വപ്ന സുരേഷിന് പ്രതിമാസം സര്‍ക്കാര്‍ നല്‍കിയത് 2,30,000 രൂപ. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎല്‍ പ്രതിമാസം നല്‍കുന്ന തുകയാണിത്. ഇതില്‍ സ്വപ്നയ്ക്ക് ശമ്പളമായി കൈമാറിയിരുന്നത് 1 ലക്ഷം രൂപയാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ഐ.ടി വകുപ്പിന് കീഴിലുള്ള കെഎസ്ഐടിഐഎലിന്റെ സ്പേസ് പാര്‍ക്കിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ (പിഎംയു) സ്വപ്നയെ നിയമിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായി ഒന്നരമാസത്തിനകമായിരുന്നു ഇത്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ലെവലിലുള്ള ജീവനക്കാരിയായിരുന്നു സ്വപ്ന.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ നിന്നുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് 2.3 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്. ലാപ്ടോപ് അടക്കം സ്വപ്നയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സാണ്. സ്വര്‍ണക്കടത്ത് കേസ് പുറത്താകുന്നതുവരെ ഏഴുമാസം സ്വപ്ന ജോലി ചെയ്തു. ഇതുവരെ 16 ലക്ഷം രൂപ സ്വപ്നയ്ക്കായി കെഎസ്ഐടിഐഎല്‍ നല്‍കിയതായാണ് കണക്ക്.
കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായുള്ള ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണമെന്ന് കാണിച്ച് കോണ്‍ക്ലേവിനായി രൂപീകരിച്ച പിഎംയു പിരിച്ചുവിട്ടില്ല. അങ്ങനെ സ്വപ്ന ജോലിയില്‍ തുടര്‍ന്നു. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം തെറിച്ച എം.ശിവശങ്കര്‍ തന്നെയായിരുന്നു ഈ പിഎംയുവിനെ നിശ്ചയിച്ച കമ്മിറ്റിയുടെ അധ്യക്ഷനും.