കെവിന്‍ കൊലക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബു വീണ്ടും സര്‍വ്വീസിലേക്ക്
തിരുവനന്തപുരം: വിവാദമായ കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെതിരെ കോടതിവിധിയില്‍ പരാമര്‍ശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. അതേസമയം ഷിബുവിനെ ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്. ഷിബുവിനെ പിരിച്ചുവിടാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ നേരത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. എന്നാല്‍ ഈ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.
ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഐജിയുടെ തീരുമാനത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. നടപടി വിവാദമായത്തോടെ ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.
കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ ജോസഫി(24)നെ 2018 മേയ് 28-നാണ് കൊല്ലപ്പെട്ട നിലയില്‍ തെന്‍മല ചാലിയേക്കര പുഴയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ ക്രിസ്ത്യന്‍ സമുദായത്തിലുള്ള തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തിലാണ് കൊലപാതകം.