സുശാന്തിന്റെ മരണം:കാമുകിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്,നടപടി പിതാവിന്റെ പരാതിയില്‍
<
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയാ ചക്രബര്‍ത്തിക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് റിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. പിന്നീട് സുശാന്തുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് അവിടെ നിന്നും തിരിച്ചുപോന്നതെന്നും റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്നും തിരിച്ചു പോയെങ്കിലും ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് റിയ പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുബൈയില്‍ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസിന്റെ നിഗമനം.