വനിതാ മാനേജര്‍ മരിച്ച് ആറാം ദിനം സുശാന്തും,മരണങ്ങള്‍ യാദ്യശ്ചികമോ? അന്വേഷിച്ച് പോലീസ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയുടെ ജീവചരിത്രസിനിമയിലൂടെ ഇന്ത്യന്‍ സിനിമാ രംഗത്തിനും ക്രിക്കറ്റ് ലോകത്തിനും ഒരു പോലെ പ്രിയങ്കരനായബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അകാല മരണം ആരാധകരില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.
സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍ ആത്മഹത്യ ചെയ്ത് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതാണു മരണത്തിലെ യാദൃശ്ചികത. ജൂണ്‍ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ദിശ സാലിയന്‍ (28) ജീവനൊടുക്കിയത്. കെട്ടിടത്തില്‍ നടന്ന ഒരു പാര്‍ട്ടിക്കിടയില്‍ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ദിശയുടെ മാതാപിതാക്കളുടെ പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകന്‍ രോഹന്‍ റായ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. രോഹനു മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിശയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം നടന്ന പാര്‍ട്ടിക്കിടയിലും ഇരുവരും തമ്മില്‍ വഴക്കിടുകയും ദിശ ശുചിമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കെട്ടിടത്തില്‍ നിന്നു നിരവധി മദ്യക്കുപ്പികള്‍ കണ്ടെത്തിയതിനാല്‍ മുകളില്‍ നിന്ന് ആകസ്മികമായി വീണതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണു സുശാന്തിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരുടെയും മരണങ്ങള്‍ ചേര്‍ത്തും ്അന്വേഷണം നടക്കുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.