വീട് തകർത്തുകൊണ്ട് ഉൽക്ക പതിച്ചു, ഒറ്റ ദിവസംകൊണ്ട് കോടിപതിയായി ശവപ്പെട്ടി കച്ചവടക്കാരന്‍
വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് വീണ ഉല്‍ക്ക മൂലം 33കാരനായ ശവപ്പെട്ടി കച്ചവടക്കാരൻ ഒറ്റ രാത്രികൊണ്ട് കോടിപതിയായി. ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയായ ജോഷ്വ ഹുട്ടഹാലുങിന്റെ ജീവിതമാണ് മുകളില്‍ നിന്നും വീണ ഉല്‍ക്ക കഷ്ണം മാറ്റി മറിച്ചത്. 2.1 കിലോഗ്രാം ഭാരമുള്ള ഉല്‍ക്കയാണ് പതിച്ചത്.
ഉല്‍ക്ക കൈയിലെടുത്തപ്പോള്‍ ചൂടനുഭവപ്പെട്ടതായും ഇയാള്‍ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഉല്‍ക്ക തേടി വിദഗ്ധരെത്തുകയായിരുന്നു. 4.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശിലയാണിതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി. ജോഷ്വ വീടിനു മുന്നിലിരുന്ന് ശവപ്പെട്ടി ഉണ്ടാക്കുന്നതിനിടയിലാണ് ആകാശത്തു നിന്നും എന്തോ വസ്തു വരാന്തയിലേക്ക് പതിച്ചത്.
വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് താഴെ വീണ ഉല്‍ക്കയുടെ വരവ് വീടിനെ ആകെ വിറപ്പിച്ചു കൊണ്ടായിരുന്നു. അസാധാരണമായ ശബ്ദത്തോടെ പാഞ്ഞുവന്ന ഉല്‍ക്ക പതിച്ച സമയത്ത് വീടുമുഴുവന്‍ കുലുങ്ങിയതായും ജോഷ്വ വ്യക്തമാക്കി. 9.8 കോടി രൂപയ്ക്കാണ് ഇയാള്‍ ഉല്‍ക്ക കൈമാറിയത്. ഉല്‍ക്കാശിലകള്‍ ശേഖരിക്കുന്ന ജേഡ് കോളിന്‍സിനാണ് ഇയാള്‍ ഉല്‍ക്ക കൈമാറിയത്. കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റ് അടങ്ങിയ ഉല്‍ക്കാശിലയാണിത്.