കോട്ടയം: നാടു മുഴുവന്‍ കൊവിഡ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഏറ്റുമാനൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ സജീവമായി രംഗത്തിറങ്ങാന്‍ ആകാത്തതില്‍ ഖേദം പ്രകടപ്പിച്ച് സുരേഷ് കുറുപ്പ് എംഎല്‍എ. രക്തധമനികളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് സുരേഷ് കുറുപ്പ്.
ഫേസ് ബുക്കിലൂടെയാണ് കുറുപ്പ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു തരുന്നു.
കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സുഹൃത്തുക്കളേ, സഖാക്കളേ,
ലോകം, ഇതിനു മുന്‍പൊരിക്കലുമില്ലാത്ത വിധമുള്ള ഒരു വൈറസ് രോഗവ്യാപനത്തെ ധൈര്യപൂര്‍വം നേരിടുന്ന ഈ അവസ്ഥയില്‍ ലോകജനതയ്ക്കാകെ മാതൃകയാകുന്ന തരത്തില്‍ കേരള സമൂഹവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ സര്‍ക്കാരും അതീവ ജാഗ്രതയോടെ, ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഈ വേളയില്‍ തികച്ചും വ്യക്തിപരമായ ഒരു കാര്യം, എന്റെ ശാരീരികാവസ്ഥയെ കുറിച്ച്, പറയാനാണ് ഈ കുറിപ്പെഴുതുന്നത്.
രക്തധമനികളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളില്‍ ഞാന്‍. രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ഉണ്ടാകുന്ന ഈ രോഗം മൂന്നു നാലു കൊല്ലങ്ങളായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയില്‍ പാര്‍ടിയില്‍ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തിര ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയില്‍ പോകേണ്ടി വന്ന ഞാന്‍ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി.
ചികിത്സയുടെ പാര്‍ശ്വഫലമെന്നോണം blood count ക്രമാതീതമായി കുറഞ്ഞതിനാല്‍ എന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ എന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണമായ ഏകാന്തവാസത്തിന് അവര്‍ വൈദ്യ വിധി കല്‍പിച്ചിരിക്കുകയാണ്.
നാടു മുഴുവന്‍ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. അത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.
പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.
സ്‌നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
കെ. സുരേഷ് കുറുപ്പ് MLA