FeaturedHome-bannerKeralaNews

കൈനീട്ടം, ഉത്തരേന്ത്യൻ മോഡലിൽ കാലുപിടുത്തം; വിവാദത്തിൽ സുരേഷ് ഗോപി; വിഡിയോ

തൃശൂർ:നടനും എംപിയുമായ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വിവാദമാകുന്നു. തൃശൂരിൽ വഴിയരികിൽ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷുക്കൈനീട്ടം നൽകുന്ന വിഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. നടന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി.

വിഷുക്കൈനീട്ടം മേടിക്കുന്ന ചില ആളുകൾ നടന്റെ കാൽതൊട്ട് വന്ദിച്ച് പോകുന്നത് വിഡിയോയിൽ കാണാം. കൈനീട്ടം വാങ്ങിയ എല്ലാവരുമൊത്ത് ഫോട്ടോയെടുക്കുന്നുമുണ്ട്. കാൽതൊട്ട് വന്ദിക്കുന്ന രംഗങ്ങളാണ് വിമർശകരെ ചൊടിപ്പിച്ചത്. എംപി എന്ന നിലയിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നും തെറ്റായ സന്ദേശമാണ് വിഡിയോയിലൂടെ പുറത്തുവരുന്നതെന്നും ഇവർ ആരോപിച്ചു.

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്കു പണം കൊടുത്തത് രാഷ്ട്രീയ വിവാദമായതിനു പിന്നാലെ നടപടിയുമായി കൊച്ചിന്‍ ദേവസ്വം ബോർഡ്. മേല്‍ശാന്തിമാരും ശാന്തിമാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യവ്യക്തികളിൽനിന്ന് തുക സ്വീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. വിഷുദിനത്തിൽ കൈനീട്ടം നൽകാൻ വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് ഒരു രൂപയുടെ ആയിരം നോട്ടുകൾ സുരേഷ് ഗോപി നൽകിയതിനെ തുടർന്നാണ് വിവാദമുണ്ടായത്.

താൻ നൽകുന്ന പണത്തിൽനിന്നു കൈനീട്ടം നൽകുന്നതിൽനിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേൽശാന്തിമാരോട് അഭ്യർഥിച്ചിരുന്നു. റിസർവ് ബാങ്കിൽനിന്നു വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു നൽകിയത്. വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നൽകിയിരുന്നു. പക്ഷേ ഈ ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതല്ല.

വിഷുക്കൈനീട്ടത്തെ മറയാക്കി സുരേഷ് ഗോപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം എംഎൽഎ പി. ബാലചന്ദ്രൻ വിമർശിച്ചു. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടു പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോർഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് ബോർഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറയുന്നത്.

നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളാണ് വിഷുക്കൈനീട്ടത്തിനായി പണം നല്‍കിയതിനെ എതിര്‍ക്കുന്നതെന്ന് സുരേഷ് ഗോപി എംപി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button