ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇരുപത്തിനാല് മണിക്കുറിനുള്ളിൽ നവ്‌ലാഖയെ വീട്ടു തടങ്കലിലേക്ക് മാറ്റണമെന്നും ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
വീട്ടു തടങ്കല്‍ ദുരുപയോഗപ്പെടുത്തുന്നില്ല എന്നുറപ്പു വരുത്താന്‍ കോടതി ചില വ്യവസ്ഥകളും വെച്ചു. ഗൗതം നാവ്‌ലാഖ വീട്ടു തടങ്കലില്‍ കഴിയാന്‍ തെരഞ്ഞെടുത്ത സ്ഥലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉമടസ്ഥതിയലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ഉന്നയിച്ച ആശങ്ക സുപ്രീംകോടതി കണക്കിലെടുത്തില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് അംഗീകാരമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ആയത് കൊണ്ട് എന്താണ് കുഴപ്പമെന്നാണ് ജസ്റ്റീസ് കെ.എം ജോസഫ് ചോദിച്ചത്. അത് ജഡ്ജിയെ ഞെട്ടിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു എന്‍ഐഎക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. അക്കാര്യം തങ്ങളെ ഞെട്ടിക്കുന്നേയില്ലെന്ന് ജസ്റ്റീസ് കെ.എം ജോസഫും മറുപടി നല്‍കി. നവ്‌ലാഖ താമസിക്കുന്ന കെട്ടിടത്തിന്റെ അടുക്കള വാതില്‍ എഎന്‍ഐക്ക് സീല്‍ ചെയ്യാം.
എന്നാല്‍, ഹാളിനും അടുക്കളയ്ക്കും ഇടയിലുള്ള വാതില്‍ അടച്ചു പൂട്ടരുത്. തുറന്നിട്ടിരിക്കുന്ന ഗ്രില്ലുകളെക്കുറിച്ചാണ് മറ്റൊരു ആശങ്ക ഉന്നയിച്ചത് അത് പൂട്ടി താക്കോല്‍ വീട്ടിലുള്ളവരുടെ കൈയില്‍ തന്നെ വെക്കാം. സിസി ടിവി ക്യാമറകളും പ്രത്യേകമായി കൂട്ടിച്ചേര്‍ക്കാം. വീട്ടു തടങ്കലിലേക്ക് നീട്ടാനുള്ള നിര്‍ദേശം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. വീട്ടിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും ഇക്കാര്യം ലംഘിച്ചാല്‍ എന്‍ഐഎക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
നവ്‌ലാഖയുടെ നവിമുംബയിലെ വസതി ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഒരു ലൈബ്രറിയുമുണ്ടെന്നാണ് സുരക്ഷ ആശങ്കയായി എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റുകളെ എതിര്‍ക്കുന്നു എന്നും സമകാലീന രാഷ്ട്രീയം അറിയാവുന്നു ആര്‍ക്കും ഇക്കാര്യം അറിയാവുന്നതാണെന്നുമാണ് നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ വാദിച്ചു.
എഴുപത് വയസുള്ള രോഗിയായ ഒരു മനുഷ്യനെ സംസ്ഥാനത്തെ മുഴുവന്‍ പോലീസിനും കൂടി നിരീക്ഷിക്കാന്‍ കഴിയില്ലെന്ന് പറയരുതെന്ന്കോടതി പറഞ്ഞു. തിങ്കളാഴ്ച്ചത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.