ന്യൂഡല്‍ഹി: മൊറട്ടോറിയം സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീരുമാനങ്ങള്‍ എടുത്തെന്ന് കേന്ദ്രവും റിസര്‍വ് ബാങ്കും പറയുന്നു. എന്നാല്‍, തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ലെന്ന് കോടതി വിമര്‍ശിച്ചു. കമ്മത്ത് സമിതി റിപ്പോര്‍ട്ടും കൈമാറിയില്ല. അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും ഒരാഴ്ച സമയം അനുവദിച്ചു.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പരിശോധിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. തീരുമാനമെടുത്തെങ്കിലും അത് നടപ്പാക്കാനുള്ള തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു.
മൊറട്ടോറിയം കാലയളവിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച കമ്മത്ത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് മിണ്ടാട്ടമില്ല. കമ്മത്ത് കമ്മിറ്റിയുടെ ഏതൊക്കെ ശുപാര്‍ശകളാണ് അംഗീകരിച്ചതെന്ന് കേന്ദ്രവും റിസര്‍വ് ബാങ്കും അറിയിക്കണം. ഉത്തരവ് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ പോരാ, എപ്പോള്‍ നടപടിയെടുക്കുമെന്ന് റിസര്‍വ് ബാങ്കിനോട് ജസ്റ്റിസ് എം.ആര്‍. ഷാ ആരാഞ്ഞു. കുറേക്കാലമായി ഇങ്ങനെ നീട്ടി കൊണ്ടുപോകുകയാണെന്നും വിമര്‍ശിച്ചു.
ജനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന മട്ടില്‍ ഉത്തരവുകള്‍ ഇറക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. നടപടിയുണ്ടാകുമെന്നും കമ്മത്ത് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും റിസര്‍വ് ബാങ്ക് മറുപടി നല്‍കി. റിയല്‍ എസ്റ്റേറ്റ് അടക്കം മേഖലകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിര്‍ദേശം നല്‍കി. പൊതുതാത്പര്യഹര്‍ജികള്‍ ഈമാസം 13ന് വീണ്ടും പരിഗണിക്കും.