‘ഹലോ സണ്ണി ലിയോണ്‍ ആണോ, അവര്‍ക്കൊന്നു ഫോണ്‍ കൊടുക്കാമോ?’ ഫോണ്‍ വിളിയില്‍ പൊറുതി മുട്ടി യുവാവ്
‘ഹലോ… സണ്ണി ലിയോണിനൊന്നു ഫോണ്‍ കൊടുക്കാമോ…? ഞാന്‍ അവരുടെ ഒരു കട്ട ആരാധകനാണ്’ ഈ ചോദ്യം കേട്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ ഒരു യുവാവ്. സണ്ണി ലിയോണിനെ അന്വേഷിച്ച് ഒരു ദിവസം കുറഞ്ഞത് 500 ലേറെ കോളുകളാണ് ഡല്‍ഹി സ്വദേശിയായ പുനിത് അഗര്‍വാളിന്റെ ഫോണിലേയ്ക്ക് വരുന്നത്. മറുപടി പറഞ്ഞ് മടുത്ത യുവാവ് ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
സണ്ണി ലിയോണ്‍ വേഷമിട്ട ‘അര്‍ജുന്‍ പട്യാല’ എന്ന സിനിമയാണ് ഈ പ്രശ്‌നത്തിനെല്ലാം കാരണം. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം അവരുടെ ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്. സിനിമ കണ്ടിറങ്ങിയ പലരും ഇത് സണ്ണി ലിയോണിന്റെ നമ്പരാണെന്ന് തെറ്റിദ്ധരിച്ചാണ് പുനിത്തിന്റെ നമ്പറില്‍ വിളിക്കുന്നത്. ഇതിനിടെ, സണ്ണിലിയോണിന്റെ മൊബൈല്‍ നമ്പര്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും നമ്പര്‍ വ്യാപകമായി പ്രചരിച്ചു.
ആരാധകരോട് സംസാരിച്ച് ഗതികെട്ട പുനീത് ഒടുവില്‍ മയൂര എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംരംഭകനായ പുനീതിന്റെ ഔദ്യോഗിക നമ്പരാണ് ഇത്. അദ്ദേഹത്തിന് ഒരു ചെറിയ സ്ഥാപനമുണ്ട്. ബാങ്കിങ് ആവശ്യങ്ങള്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പരാണ്. അതുകൊണ്ടു തന്നെ നമ്പര്‍ ഒഴിവാക്കാനും നിവര്‍ത്തിയില്ല. ആകപ്പാടെ പെട്ടിരിക്കുകയാണ് പാവം യുവാവ്.