രാജ്യത്തിനെതിരെ ആയുധമെടുത്താല്‍ ശിക്ഷ മരണം; മാവോയിസ്റ്റ് വെടിവെപ്പില്‍ തണ്ടര്‍ബോള്‍ട്ടിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഞാന്‍ സേനയോടൊപ്പമാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്. മരണത്തില്‍ കുറഞ്ഞതൊന്നും അവര്‍ അര്‍ഹിക്കുന്നില്ല. പശുപതി മുതല്‍ മല്ലീശ്വരന്‍ വരെയുള്ള റെഡ് കോറിഡോര്‍ തകര്‍ക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഞാന്‍ സേനയോടൊപ്പമാണ്. രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്. മരണത്തില്‍ കുറഞ്ഞതൊന്നും അവര്‍ അര്‍ഹിക്കുന്നില്ല. പശുപതി മുതല്‍ മല്ലീശ്വരന്‍ വരെയുള്ള റെഡ് കോറിഡോര്‍ തകര്‍ക്കുക തന്നെ വേണം.
ഇക്കാര്യത്തില്‍ മനുഷ്യാവകാശം പറഞ്ഞുവരുന്ന വി ടി ബല്‍റാമും ജസ്റ്റിസ് കമാല്‍ പാഷയും ഈ കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് എകെ-47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നൊന്നു പറയാമോ? ചൈനയുടെ പണവും പിന്തുണയും ഇല്ലാതെ ഇന്ത്യയില്‍ മാവോയിസ്റ്റ് ഭീകരവാദം വളരും എന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയില്‍ അടക്കുകയാണ് ചെയ്തതെന്ന് ബല്‍റാം പറയുന്നു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മുഴുവന്‍ ഉന്മൂലനം ചെയ്തത് ബല്‍റാം വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന ഈ മാവോയിസ്റ്റുകള്‍ ആയിരുന്നു എന്നുള്ള കാര്യം മറക്കരുത്. ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ഉദാരത പറയുന്ന ബല്‍റാം കെ.കരുണാകരന്‍ എങ്ങനെയാണ് നക്സലൈറ്റുകളെ കൈകാര്യം ചെയ്തത് എന്നു കൂടി പറയണം.
രാജ്യത്തിനെതിരെ ആയുധം എടുത്താല്‍ എഫ്ഐആറിനും അറസ്റ്റിനും റിമാന്റിനും ജാമ്യത്തിനും ഒന്നും പ്രസക്തിയില്ല. രാജ്യത്തിനെതിരെ ആയുധമെടുക്കുന്നവര്‍ക്ക് ഏതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രവും കല്‍പിക്കുന്ന ശിക്ഷ മരണമായിരിക്കും. മാവോയിസ്റ്റുകള്‍ക്ക് ജീവന്‍ വേണമെങ്കില്‍ ആയുധം താഴെ വെക്കണം. കീഴടങ്ങണം. കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും അരുത്.
എന്തായാലും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയനും തണ്ടര്‍ ബോള്‍ട്ട് സേനക്കും അപമാനകരമാണ്. ആയതുകൊണ്ട് മുഴുവന്‍ ഓപ്പറേഷന്‍ ഡീറ്റെയില്‍സും വീഡിയോ ദൃശ്യങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പുറത്തുവിടണമെന്നും പോലീസ് സേനയ്ക്കും സംസ്ഥാന സര്‍ക്കാരിനും നേരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.