KeralaNews

‘മുഖ്യമന്ത്രിയുടെ ദാർഷ്ട്യം’ സുജയ്ക്കുo പറയാനുണ്ട്

കൊച്ചി: മലയാളം മിഷന്റെ പ്രതിഭാ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പ്രസംഗം തടഞ്ഞ് ഉദ്ഘാടനം നടത്തിയെന്ന വാർത്തയിൽ പ്രതികരണവുമായി സ്വാഗതപ്രസംഗം നടത്തിയ മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. മുഖ്യമന്ത്രി വന്നപ്പോള്‍ തന്നെ ഒറ്റവാചകത്തില്‍ സ്വാഗതം പറയട്ടെ സുജ ചോദിച്ചെങ്കിലും, അത് വേണ്ട അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ നിങ്ങള്‍ക്ക് മലയാളം മിഷനെക്കുറിച്ച്‌ ധാരാളം പറയാനുണ്ടാകുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടയില്‍ താന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞതെന്ന് സുജ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്‍റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ?

ഇന്നത്തെ മാധ്യമങ്ങളുടെ ഒരു കിടുക്കന്‍ വാര്‍ത്തയുടെ ഇരയായിരുന്നല്ലോ ഞാന്‍. പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ര വലിയ ഞെട്ടലായില്ല. 130 പ്രവാസികള്‍ പങ്കെടുക്കുന്ന ക്യാമ്പ് നടത്തുന്ന തിരക്കിലാണെന്നതിനാല്‍ അതിനൊട്ട് നേരവും കിട്ടിയില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ അയ്യങ്കാളി ഹാളില്‍ ഉണ്ടായതെന്ന് പറയണമെന്ന് ഇപ്പോള്‍ തോന്നുന്നു.
മലയാളം മിഷന്‍റെ ഭരണസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മലയാണ്മ 2020 എന്ന പേരില്‍ മലയാളം മിഷന്‍ വാര്‍ഷികവും അധ്യാപകരുടെ ക്യാമ്പും ഫെബ്രുവരി 21 മുതല്‍ സംഘടിപ്പിച്ചിരുന്നു.ഭാഷാപ്രതിഭാപുരസ്ക്കാര വിതരണം, റേഡിയോ മലയാളത്തിന്‍റെ ഉദ്ഘാടനം,സമ്മാനവിതരണം എന്നിവയെല്ലാം ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കേണ്ടതുമായിരുന്നു. (നിര്‍വ്വഹിക്കുകയും ചെയ്തു.)അടിയന്തരമായി നിര്‍വ്വഹിക്കേണ്ടതും പങ്കെടുക്കേണ്ടതുമായ
,പല പരിപാടികളും മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ വരികയും മുഖ്യമന്ത്രി ആ ദിവസം ഇഞ്ചോടിഞ്ച് തിരക്കില്‍ പെടുകയും ചെയ്തിരുന്നു ഇതെല്ലാം ഞങ്ങള്‍ക്ക് അറിവുള്ളതുമാണ്.. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പുറത്ത് നിന്ന് വന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം അത്രയും പ്രധാനപ്പെട്ടതാകയാല്‍ മാത്രമാണ് യോഗസ്ഥലത്ത് വന്നു പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ ഒറ്റവാചകത്തില്‍ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട അതെല്ലാം അതിന്‍റെ വഴിക്ക് നടക്കട്ടെ നിങ്ങള്‍ക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോഎന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ സ്വാഗതം തുടങ്ങിയത്. അതിനിടയില്‍ ഞാന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞത്. പലപ്പോഴും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും വിശ്വസിച്ച് പോയിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടതിന് സമാനമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ചമച്ചിട്ടുള്ളതെങ്കില്‍ അമ്പേ കഷ്ടം എന്നേ പറയാനുള്ളു.!

മുഖ്യമന്ത്രി മലയാണ്മയില്‍ സംസാരിക്കാന്‍ തയ്യാറാക്കിയ പ്രസംഗം മുഴുമിപ്പിച്ചില്ലെല്ലോ എന്ന ഒറ്റ നിരാശയെ എനിക്ക് തോന്നിയുള്ളു. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കഠിനമായി അധ്വാനിച്ച് ,വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മലയാളം മിഷന്‍ എന്ന സ്ഥാപനത്തെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാന്‍ ഇപ്പോഴത്തെ മലയാളം മിഷന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയര്‍മാനായ മുഖ്യമന്ത്രി തന്നെ പ്രവാസികളുള്‍ക്കൊള്ളുന്ന ഒരു സദസ്സില്‍ പറയുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും വലിയ അംഗീകാരമാകും . അത് നടക്കാത്തതില്‍ വിഷമം ഉണ്ട്.. അയ്യോ ടീച്ചറേ എന്ന് ഖേദിച്ച ഒരുപാട് പേരുണ്ട് .ഒരു ഖേദത്തിന്‍റെയും കാര്യമില്ല. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളും ചിലപ്പോള്‍ വലിയ വെല്ലുവിളികളും നേരിട്ടല്ലാതെ ഒന്നിനെയും മുന്നോട്ട് നയിക്കാനാവില്ല. അല്ലെങ്കില്‍ നിന്നിടത്ത് നിന്ന് വട്ടം ചുറ്റി നേരം വെളുപ്പിക്കേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker