തിരുവനന്തപുരം: കേരളത്തിലെ കൗമാര പ്രായക്കാരില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 140 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തല്‍. 13നും 18നും ഇടയില്‍ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്തവരില്‍ ഏറെയുള്ളത്.
കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദിശ നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ആത്മഹത്യ പ്രവണതയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. കുടുംബ വഴക്ക്, പ്രണയ നൈരാശ്യം, പരീക്ഷയിലെ തോല്‍വി തുടങ്ങിയവയുടെ പേരിലാണ് കൂടുതല്‍ കുട്ടികളും ആത്മഹത്യ ചെയ്യുന്നത്.
കണക്കുകളില്‍ മലപ്പുറവും തിരുവനന്തപുരവുമാണ് മുന്നില്‍ നില്‍ക്കുന്നത്. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളില്‍ മലപ്പുറത്ത് 20 ഉം തിരുവനന്തപുരത്ത് 16 ഉം പാലക്കാട് 11 ഉം പേര്‍ ആത്മഹത്യ ചെയ്തു. തൃശൂരില്‍ നഗര പരിധിയില്‍ 10 ഉം നഗരത്തിന് പുറത്തുള്ള സ്ഥലത്ത് ഏഴ് പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുന്ന കൗണ്‍സിലര്‍ സ്‌കൂളില്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ ആത്മഹത്യ പ്രവണത ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ദിശയുടെ പഠനം. അതേസമയം കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയത്ത് ഇടപെടുകയോ പ്രശ്നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും ദിശ നടത്തിയ പഠനത്തില്‍ കണ്ടെത്തി.